ബിദർ :പോത്ത് മോഷണക്കേസിലെ പ്രതിയെ 58 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി (Man arrested after 58 years in buffalo theft case). കര്‍ണാടകയിലെ ബിദര്‍ ജില്ലയിലാണ് സംഭവം. പോത്ത് മോഷണക്കേസിൽ പ്രതിയായ ഗണപതിയെ (78) ആണ് 58 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തത്. 1965-ലാണ് രണ്ട് പോത്തിനെയും ഒരു പശുക്കിടാവിനെയും മോഷ്‌ടിച്ച സംഭവത്തിൽ മെഹ്‌കർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തത്. മുരളീധർ റാവു കുൽക്കർണി എന്നയാളാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ മഹാരാഷ്ട്ര ഉദഗിർ സ്വദേശികളായ കിഷൻ ചന്ദർ (30), ഗണപതി വാഗ്മോർ (20) എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതോടെ ഈ പ്രതികൾ കോടതിയിൽ വരാതെ ഒളിവിൽ പോവുകയായിരുന്നു (accused was absconding). സമൻസും വാറണ്ടും (Summons and warrant) പുറപ്പെടുവിച്ചെങ്കിലും അവർ ഹാജരായില്ല.
ഒന്നാം പ്രതി കിഷൻ മരിച്ചതിനാൽ ഇയാൾക്കെതിരെയുള്ള കേസ് തള്ളി പോവുകയായിരുന്നു. മറ്റൊരു പ്രതിയായ ഗണപതി വർഷങ്ങളായി ഒളിവിലായിരുന്നു. ഇപ്പോൾ പ്രത്യേക സംഘം ഗണപതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. മോഷണം നടക്കുമ്പോൾ ഗണപതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ 78 വയസ്സായി.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും കൂടാതെ പ്രതികൾ കോടതിയിൽ ഹാജരാകാത്ത എൽപിആർ കേസുകളും കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 58 വർഷം പഴക്കമുള്ള കേസിലെ പ്രതിയെയാണ് ഈ സംഘം ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത് കൂടാതെ മൊത്തം 7 കേസുകൾ കണ്ടെത്തുന്നതിൽ വിജയിച്ചതായി ബിദർ എസ് പി ചന്നബസവണ്ണ പറഞ്ഞു.