പട്‌ന: ബിഹാറിലെ പാനിപ്പത്തിലെ ബാദൽ എന്ന എരുമ ആളൊരു ജഗജില്ലിയാണ്. തന്‍റെ ഉടമയായ രവീന്ദ്രയ്ക്ക് ഓരോ വർഷവും 25 ലക്ഷത്തോളം രൂപയാണ് ഇവൻ നേടിക്കൊടുക്കുന്നത്. കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ രവീന്ദ്ര ഒരു രസത്തിനായാണ് മുറ ഇനത്തിൽപ്പെട്ട ബാദലിനെ വളർത്തിയത്. എന്നാൽ ഇന്ന് ബാദൽ രവീന്ദ്രയുടെ കറുത്ത സ്വർണമായി മാറിയിരിക്കുകയാണ്.
വളർന്നപ്പോൾ മറ്റ് പോത്തുകളിൽ നിന്ന് ഒരു വ്യത്യസ്‌തത തോന്നിയതിനാൽ ബാദലിന്‍റെ ഭക്ഷണക്രമം രവീന്ദ്ര വർധിപ്പിച്ചു. പിന്നാലെ പല മത്സരങ്ങളിലും ബാദൽ ചാമ്പ്യനായി. പച്ച പുല്ല് കൂടാതെ 15 ലിറ്ററോളം പാൽ ആണ് ബാദൽ ഒരു ദിവസം കുടിക്കുന്നത്. കൂടാതെ 20 കിലോ കാരറ്റും കക്ഷി ഒരു ദിവസം അകത്താക്കുന്നുണ്ട്. ആഴ്‌ചയിലൊരിക്കൽ ശുദ്ധമായ നെയ്യും ബാദലിന് നൽകുന്നുണ്ട്.
ആയിരത്തിലധികം രൂപയാണ് ഒരു ദിവസം ബാദലിന്‍റെ ഭക്ഷണത്തിനായി രവീന്ദ്ര ചെലവാക്കുന്നത്. എന്നാൽ ഇതിന്‍റെ പതിൻ മടങ്ങുകളായി ബാദൽ തിരിച്ചു നൽകുന്നുമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും ബാദലിന്‍റെ ബീജം വിൽപനയിലൂടെ രവിന്ദ്ര സമ്പാദിക്കുന്നത്. ബാദലിന്‍റെ ബീജം വാങ്ങാനായി ദൂരസ്ഥലങ്ങളിൽ നിന്നു പോലും കർഷകർ രവീന്ദ്രയെ തേടി എത്തുന്നുണ്ട്.