ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പിന്‍റെ യോഗം ഇന്ന് ചേരും. തിങ്കളാഴ്ച (14.03.22) ആരംഭിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. ജൻപഥില്‍ രാവിലെ 10.30നാണ് യോഗം ചേരുക.
പാർലമെന്‍റിന്‍റെ രണ്ട് സഭകളിലും കോൺഗ്രസ് സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗത്തിന് ഒരു ദിവസം ശേഷിക്കെ മാത്രമാണ് കോണ്‍ഗ്രസ് പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പിന്‍റെ യോഗം വിളിച്ചതെന്നും ശ്രദ്ധേയമാണ്. ഏപ്രിൽ എട്ടിനാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പകുതി അവസാനിക്കുക. നേരത്തെ ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയാണ് ആദ്യ ഭാഗം നടന്നത്.
പഞ്ചാബ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വൈകീട്ട് 4ന് പാർട്ടി ആസ്ഥാനത്ത് യോഗം ചേരും. 2021 ഒക്‌ടോബറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനമായി ചേര്‍ന്നത്.