ന്യൂഡൽഹി :ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം മാർച്ച് 14 മുതൽ. രാവിലെ 11 മണി മുതലാണ് സഭകള്‍ സമ്മേളിക്കുക. രാജ്യത്തെ കൊവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. പാർലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗത്തില്‍ പാലിച്ച കൊവിഡ്-19 മാനദണ്ഡങ്ങള്‍ രണ്ടാംഭാഗത്തിലും ഇരുസഭകളിലും തുടരും.
സാമൂഹിക അകലം പാലിക്കാന്‍ സന്ദര്‍ശക ഗ്യാലറികളും
ഇരുസഭകളിലും അംഗങ്ങളുടെ ഇരിപ്പിട ക്രമീകരണങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്തും. 245 എംപിമാരിൽ എട്ട് ഒഴിവുകളുള്ള രാജ്യസഭയിൽ നിലവില്‍ അംഗബലം 237 ആണ്. 139 (+3) എംപിമാർക്ക് ചേംബറിലും 98 എംപിമാര്‍ക്ക് നിശ്ചിത സമയത്ത് ഗാലറിയിലുമായിരിക്കും ഇരിപ്പടത്തിനുള്ള സൗകര്യം ഒരുക്കുന്നത്.
ലോക്‌സഭയില്‍ ആകെ 538 അംഗങ്ങൾക്കുള്ള സൗകര്യങ്ങളാണുള്ളത്. പ്രധാനമന്ത്രി ഉൾപ്പടെ 282 അംഗങ്ങള്‍ക്ക് ചേംബറിൽ ഇരിക്കാം,ബാക്കി 258 പേർക്ക് നിശ്ചിത സമയത്ത് ഗാലറികളിൽ ഇരിക്കാന്‍ കഴിയും. പ്രസ് ഗാലറിയില്‍ പരിമിത ഇരിപ്പിട ശേഷിയടക്കമുള്ള നിയന്ത്രണങ്ങളോടെയായിരിക്കും മാധ്യമങ്ങൾക്ക് പ്രവേശനം.
ഇരുസഭകളിലും ഈ ഘട്ടത്തിലും സന്ദർശകര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഔദ്യോഗിക മാർഗനിർദേശങ്ങള്‍ അനുസരിച്ച്, പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും സിറ്റിംഗ് അംഗങ്ങൾക്ക് മാത്രമേ സെൻട്രൽ ഹാൾ സന്ദർശിക്കാൻ അനുമതിയുള്ളൂ. കൂടാതെ മുന്‍പത്തേ പോലെ എംപിമാരുടെയും മന്ത്രിമാരുടെയും ജീവനക്കാരുടെ പ്രവേശനത്തിലുള്ള നിയന്ത്രണങ്ങളും തുടരും.
പാർലമെന്‍റ് അനക്‌സ് കെട്ടിടത്തിൽ മുൻകരുതൽ ഡോസുകൾ അടക്കം കൊവിഡ്-19 വാക്‌സിനേഷനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം ഏപ്രിൽ 8 നാണ് അവസാനിക്കുന്നത്.