ന്യൂഡല്‍ഹി: രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാന്‍ വേണ്ടി എംപിമാര്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം കഴിയുന്നത്ര ഉപയോഗപ്രദമാക്കണമെന്നും സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വളരെയധികം അവസരങ്ങളാണ് ഉള്ളത്. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയും, വാക്സിനേഷന്‍ പദ്ധതിയും, ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട വാക്സിനുകളും ലോകത്തിന് ഇന്ത്യയെ കുറിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന് ലോകത്ത് ചലനം സൃഷ്ടിക്കാന്‍ തുറന്ന മനസോടെയുള്ള പാര്‍ലമെന്‍റിലെ ചര്‍ച്ച വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റില്‍ നിലവാരമുള്ള ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെ സ്വാധീനിക്കുമെന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടികാട്ടി. എന്നാല്‍ ബജറ്റ് സമ്മേളനം ഒരു വര്‍ഷത്തേക്കുള്ള രാജ്യത്തിന്‍റെ രൂപരേഖയാണെന്ന് എംപിമാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.