ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് പരിസമാപ്‌തി. തെലങ്കാന സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം വെള്ളിയാഴ്‌ച(3.02.2023) ആരംഭിക്കാനിരിക്കെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്‍റെയും രാജ്‌ഭവന്‍റെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്.
നിയമസഭ സമ്മേളനങ്ങള്‍ ഭരണഘടനാപരമായി നടത്താന്‍ തീരുമാനിച്ചതായി ചര്‍ച്ചയ്‌ക്ക് ശേഷം ഇരുഭാഗത്തിന്‍റെയും അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. നിയമസഭ സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗം ഉള്‍പെടുത്താമെന്ന് സമ്മതിച്ചതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദേവ് കോടതിയില്‍ പറഞ്ഞു. സമ്മേളനത്തില്‍ ഗവര്‍ണര്‍ ബജറ്റിന്‍റെ ആമുഖം നിര്‍വഹിക്കുമെന്ന് രാജ്‌ഭവന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് ആനന്ദ് വ്യക്തമാക്കി.