ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും സാധാരണ ജനങ്ങളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ശമ്പളം വെട്ടിക്കുറച്ചതും ഉയർന്ന വിലക്കയറ്റവും സാരമായി ബാധിച്ച മധ്യവര്‍ഗത്തിന് വേണ്ടി ബജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
'മഹാമാരി കാലത്ത് രാജ്യത്തെ മധ്യവര്‍ഗം ശമ്പളം വെട്ടിക്കുറയ്ക്കൽ, വിലക്കയറ്റം എന്നിവ സംബന്ധിച്ച് ബജറ്റില്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും അവരെ വീണ്ടും നിരാശപ്പെടുത്തി,' സുർജേവാല ട്വിറ്ററിൽ കുറിച്ചു. ഇത് രാജ്യത്തെ മധ്യവര്‍ഗത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കർഷകർക്കും യുവജനങ്ങള്‍ക്കും ബജറ്റില്‍ ഒന്നുമില്ല. ചെലവ് വർധിപ്പിക്കാനും ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ ഒരു പ്രഖ്യാപനവുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് വിമര്‍ശനവുമായി രംഗത്തെത്തിയത്.