ന്യൂഡല്‍ഹി:2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ളകേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമാന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. നിര്‍മല സീതാരാമന്‍റെ അഞ്ചാമത്തെ ബജറ്റ് പ്രസംഗമാണ് ഇന്നത്തേത്.
2021ലേയും 2022ലേയും കേന്ദ്ര ബജറ്റുകള്‍ പോലെ തന്നെ പേപ്പര്‍ രഹിത ബജറ്റവതരണമായിരിക്കും ഇത്തവണയും. കമ്പ്യൂട്ടര്‍ ടാബില്‍ നോക്കിയായിരിക്കും നിര്‍മല സീതാരാമന്‍ ബജറ്റ് വായിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ കേന്ദ്ര ബജറ്റില്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ ആദായ നികുതിയില്‍ ഇളവുകള്‍ നല്‍കി മധ്യവര്‍ഗത്തിന്‍റെ കൈകളില്‍ കൂടുതല്‍ പണം എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഗ്രാമീണ മേഖലയ്‌ക്കും സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കും കൂടുതല്‍ പണം വകയിരുത്തുമെന്നും കരുതപ്പെടുന്നു.