ന്യൂഡല്‍ഹി:കഴിഞ്ഞ കുറേ വർഷങ്ങളായി ആദായനികുതി പരിധിയിൽ ഇളവില്ലാത്ത വിഭാഗക്കാരാണ് ഇടത്തരം വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥര്‍. നിലവിൽ നികുതി അടയ്‌ക്കേണ്ട വരുമാനം 5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില നിബന്ധനകൾക്ക് വിധേയമായി ഇതിന് താഴെ ശമ്പളമുള്ള കൂട്ടരും നികുതി നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റിൽ സർക്കാർ ആദായക നികുതി പരിധി 5 ലക്ഷം വരെ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗക്കാർ.
ഇപ്പോള്‍ രണ്ടര ലക്ഷം രൂപ മുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണം. 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് റിബേറ്റിലൂടെ നികുതി നല്‍കുന്നതില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന നികുതി സ്ലാബ് ഇപ്പോഴും 2.5 ലക്ഷത്തില്‍ നിന്ന് തുടങ്ങുന്നു. അതാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഓരോ വര്‍ഷവും ഉയര്‍ത്തപ്പെടുന്ന പ്രതീക്ഷയാണിത്. ഇത്തവണയെങ്കിലും ഇത് സഫലമാക്കുമെന്ന് കരുതാം.
10 ലക്ഷം രൂപ നികുതി വരുമാനമുള്ള ഒരാൾ 2013-'14ൽ 1,33,900 രൂപ നികുതി അടയ്‌ക്കേണ്ടി വരും. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി തുക 1,17,000 രൂപയാണ്. നിലവിലെ വിലക്കയറ്റ സൂചിക താരതമ്യം ചെയ്‌ത് ക്രമീകരിക്കുകയാണെങ്കിൽ, ഈ സാമ്പത്തിക വർഷം നൽകേണ്ട നികുതി 88,997 രൂപ ആയിരിക്കണം. അതായത് 28,003 രൂപ കുറയണം. ആ നിലയ്ക്ക് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന് അനുസൃതമായി നികുതി പരിധിയും ഉയർത്തേണ്ടതുണ്ട്.
നികുതി സ്ലാബുകൾ:ആദായനികുതി പരിധി വർധിപ്പിക്കുന്നതിനൊപ്പം, പഴയ നികുതി സമ്പ്രദായത്തിന്‍റെ 20, 30 ശതമാനം സ്ലാബുകളും വർധിപ്പിക്കേണ്ടതുണ്ട്. 10 ലക്ഷത്തിന് മുകളിൽ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം സ്ലാബും ആവശ്യമാണ്. എങ്കിൽ മാത്രമേ വിലക്കയറ്റത്തിനനുസരിച്ച് നികുതിദായകരുടെ സേവിങ്‌സും കൂടുകയുള്ളു.