കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്‌തത്തിലെ ഓക്‌സിജന്‍റെ അളവ് കുറയുകയും ശ്വാസ തടസം വർധിക്കുകയും ചെയ്‌തതിനെത്തുടർന്ന് ശനിയാഴ്‌ച രാവിലെയോടെയാണ് അദ്ദേഹത്തെ അലിപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
ശനിയാഴ്‌ച രാവിലെയോടെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില വഷളായിത്തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ രക്തത്തിലെ ഓക്‌സിജന്‍റെ അളവ് കുറയാൻ തുടങ്ങി. തുടർന്ന് പാം അവന്യൂവിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ ആംബുലൻസിൽ അലിപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള വഴിമധ്യേ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യ നില കൂടുതൽ വഷളായി. തുടർന്ന് അലിപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ക്രിട്ടിക്കൽ കെയർ ആംബുലൻസ് എത്തിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ഈ വിവരങ്ങൾ ഇതുവരെ ആശുപത്രി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുദ്ധദേവ് ഭട്ടാചാര്യ വർഷങ്ങളായി ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്ന ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സ തേടി വരികയായിരുന്നു. 2021-ൽ കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ വഷളായത്.
കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതോടെ 2021 മെയ് 25ന് അദ്ദേഹത്തെ അലിപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജൂണ്‍ രണ്ടിന് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് സിഐടി റോഡിലുള്ള ഒരു നഴ്‌സിങ് ഹോമിൽ കുറച്ചുനാൾ പരിചരണം തേടിയിരുന്നു.
അതേസമയം ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യ സ്ഥിതി പൊതുജനങ്ങളിലും രാഷ്‌ട്രീയ വൃത്തങ്ങളിലും ഒരുപോലെ ആശങ്ക ഉയർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണികൾ.
മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഭട്ടാചാര്യ. 2000 മുതൽ 2011 വരെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്‌ടിച്ചത്. 2015-ൽ സിപിഎമ്മിന്‍റെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ അദ്ദേഹം 2018-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ഉപേക്ഷിച്ചിരുന്നു.
1966-ൽ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് ഭട്ടാചാര്യ 1968-ൽ ഡിവൈഎഫ്‌ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്‍റെ സെക്രട്ടറിയായി. 1971-ൽ സിപിഎം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982-ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
1984-ൽ പശ്ചിമ ബംഗാൾ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്ര കമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്‌തു. 1977-ൽ ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1987-ൽ ഇൻഫർമേഷൻ ആന്‍റ് കൾച്ചറൽ അഫലേഷ്യസ് മന്ത്രിയായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു.
തുടർന്ന് 1996-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി സേവനമനുഷ്‌ഠിച്ച അദ്ദേഹം 1999-ൽ പശ്ചിമ ബംഗാളിന്‍റെ ഉപ മുഖ്യമന്ത്രിയായി. തുടർന്നാണ് 2000ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. 2022-ൽ ആരോഗ്യ കാരണങ്ങളാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം നിലനിർത്തിക്കൊണ്ട് അദ്ദേഹം എല്ലാ നേതൃത്വ ചുമതലകളിൽ നിന്നും പടിയിറങ്ങിയിരുന്നു.