ലഖ്‌നൗ:ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ആക്ഷേപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥി മുഖം മാറ്റിയത് കോൺഗ്രസ് പാർട്ടിയുടെ ദയനീയാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി.
യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ വളരെ ദയനീയമാണ്. കോൺഗ്രസിനെ പിന്തുണച്ച് ജനങ്ങൾ അവരുടെ വോട്ടുകൾ പാഴാക്കരുതെന്നും ഏകപക്ഷീയമായി ബിഎസ്പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും മായാവതി അഭ്യർഥിച്ചു.
ബിജെപിക്കെതിരെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. ജനങ്ങൾ അതിനെ അവഗണിക്കണം. യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ വോട്ട് വെട്ടിക്കുറയ്ക്കുന്ന പാർട്ടിയായാണ് കാണുന്നതെന്നും അവർ ആക്ഷേപിച്ചു.