ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേരാനുള്ള വാഗ്‌ദാനം താൻ നിരസിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ബിഎസ്‌പി അധ്യക്ഷ മായാവതി. മറ്റ് പാർട്ടികളെക്കുറിച്ച് വ്യാകുലപ്പെടാതെ രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയെ കുറിച്ച് ആശങ്കപ്പെടണമെന്ന് മായാവതി പരിഹസിച്ചു.
യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ട് താൻ മായാവതിയെ സമീപിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചില്ലെന്ന് ശനിയാഴ്‌ച രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ആരോപണങ്ങൾ തള്ളി മായാവതി :തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ആവർത്തിച്ച മായാവതി, ബിഎസ്‌പിക്കെതിരായ കോൺഗ്രസിന്‍റെ ജാതി ചിന്താഗതിയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെന്നും പറഞ്ഞു. സമൂഹത്തിലെ ദലിത് വിഭാഗക്കാരോടും പാർട്ടിക്ക് സമാനമായ മനോഭാവമാണ്.
ബിഎസ്‌പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ചിന്നിച്ചിതറിയ സ്വന്തം പാർട്ടിയെ കൈകാര്യം ചെയ്യുന്നതിന് പകരം ബിഎസ്‌പിയുടെ പ്രവർത്തന ശൈലിയിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. ഇത് ബിഎസ്‌പിയോടുള്ള അദ്ദേഹത്തിന്‍റെ കടുത്ത അമർഷവും വെറുപ്പും വ്യക്തമാക്കുന്നു.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മായാവതി: ദലിതരുൾപ്പെടെ രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിനുവേണ്ടി കോൺഗ്രസ് തങ്ങളുടെ നീണ്ടകാല ഭരണത്തിനിടെ യാതൊരു ശക്തമായ നടപടിയും സ്വീകരിച്ചില്ലെന്നും ബിഎസ്‌പി മേധാവി ആരോപിച്ചു. സംവരണമുൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ സമുദായത്തിന് പൂർണമായി ലഭിച്ചിട്ടില്ല.
ബിജെപി അധികാരത്തിലെത്തുന്നത് തടയുമെന്ന കോൺഗ്രസിന്‍റെ അവകാശവാദങ്ങളെ ചോദ്യം ചെയ്‌ത മായാവതി, 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി മത്സരിച്ചിട്ടും കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചില്ലെന്നും അതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
READ MORE:'സഖ്യത്തിന് സഹകരിച്ചില്ല, ബിജെപിക്ക് വഴിയൊരുക്കിയത് മായാവതി' ; ബിഎസ്‌പിക്കെതിരെ രാഹുൽ