അഗര്‍ത്തല: ദക്ഷിണ ത്രിപുരയിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന യുവാവിനെ വെടിവച്ചു കൊന്നു. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട സംശയത്തെ തുടര്‍ന്ന് പിതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ബിഎസ്എഫ് തടഞ്ഞുവച്ചിരുന്നു. ഇതിനിടയില്‍ സേനാഗംങ്ങളും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെയാണ് വെടിയുതിര്‍ത്തത്.
ത്രിപുരയില്‍ സൈന്യം യുവാവിനെ വെടിവെച്ചുകൊന്നു - സൈന്യം വെടിവെച്ച് കൊന്നു
കന്നുകാലി കള്ളക്കടത്തിനെ പ്രതിരോധിക്കാൻ വെടിയുതിർത്തുവെന്ന് ബി.എസ്.എഫ്
ജാസിം മിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കന്നുകാലികളുമായി വയലില്‍ പോയപ്പോള്‍ ജാസിമിന്‍റെ പിതാവ് ഖാലിദ് മിയയെ സൈന്യം തടഞ്ഞുവച്ചിരുന്നു. ശബ്‌ദം കേട്ട് ജാഷിം അന്വേഷിക്കാൻ ചെന്നതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായതും വെടിവെപ്പ് നടന്നതും. മകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ സൈന്യം തടസം സൃഷ്‌ടിച്ചെന്നും നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പിതാവ് പരാതിപ്പെട്ടു. ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്. പിന്നാലെ യുവാവിന്‍റെ കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തിനെ പ്രതിരോധിക്കാൻ വെടിയുതിർത്തുവെന്നാണ് ബി.എസ്.എഫ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. കന്നുകാലികളെ കടത്താൻ കുറച്ചുപേര്‍ ചേര്‍ന്ന് അതിര്‍ത്തി വേലി പൊളിച്ചുവെന്നും. ചോദിക്കാനെത്തിയ സൈന്യത്തെ ഒരു കൂട്ടം ആളുകള്‍ എതിര്‍ത്തെന്നും അതിനിടയിലാണ് വെടിയുതിര്‍ത്തതെന്നുമാണ് സൈന്യത്തിന്‍റെ വിശദീകരണം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ ബിഎസ്എഫ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബിഎസ്എഫ് അറിയിച്ചു. പൊലീസും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.