കേരളം

kerala

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളും ബിഎസ്‌എഫ് പിടികൂടി

By

Published : Feb 18, 2023, 1:05 PM IST

പതിവ് പട്രോളിങ്ങിനിടെയാണ് അതിര്‍ത്തി ഗ്രാമമായ ഖസാവാലിയില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും ബിഎസ്‌എഫ് സംഘം പിടികൂടിയത്. ആയുധക്കടത്ത് സംഘം ബിഎസ്‌എഫിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു

BSF recovers huge cache of drugs and arms  BSF recovers drugs and arms from Indo Pak border  Indo Pak border  മയക്കുമരുന്നും ആയുധങ്ങളും ബിഎസ്‌എഫ് പിടികൂടി  ബിഎസ്‌എഫ്  ഗുര്‍ദാസ്‌പൂര്‍  ഖസാവാലി  ഇന്ത്യ പാക് അതിര്‍ത്തി
മയക്കുമരുന്നും ആയുധങ്ങളും ബിഎസ്‌എഫ് പിടികൂടി

ഗുര്‍ദാസ്‌പൂര്‍ (പഞ്ചാബ്): ഇന്ത്യ പാക് അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ജവാന്മാര്‍ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഹെറോയിന്‍ എന്ന് സംശയിക്കപ്പെടുന്ന 20 പാക്കറ്റ് മയക്കുമരുന്ന്, 12 അടി നീളമുള്ള പിവിസി പൈപ്പ്, തുര്‍ക്കിയിലും ചൈനയിലും നിര്‍മിച്ച രണ്ട് പിസ്റ്റളുകള്‍, ആറ് മാഗസിനുകള്‍, പാകിസ്ഥാന്‍ നിര്‍മിത വെടിമരുന്ന് എന്നിവയാണ് ഗുര്‍ദാസ്‌പൂര്‍ ജില്ലയിലെ ഖസാവാലി ഗ്രാമത്തില്‍ നിന്ന് ബിഎസ്‌എഫ് സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

പതിവ് പട്രോളിങ്ങിനിടെയാണ് മയക്കുമരുന്നും ആയുധങ്ങളും ബിഎസ്‌എഫ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടെ അതിര്‍ത്തി വേലിക്ക് സമീപം ചിലര്‍ ധൃതിയില്‍ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് ജവാന്‍മാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. മയക്കുമരുന്നും ആയുധങ്ങളും അനധികൃതമായി കടത്തുന്ന സംഘത്തെ ജവാന്‍മാര്‍ കണ്ടെത്തി.

എന്നാല്‍ ആയുധക്കടത്ത് സംഘം ബിഎസ്‌എഫിന് നേരെ വെടിയുതിര്‍ത്തു. ബിഎസ്‌എഫ് സംഘം തിരിച്ച് വെടിയുതിര്‍ത്തെങ്കിലും കനത്ത മൂടല്‍മഞ്ഞായതിനാല്‍ ആയുധക്കടത്ത് സംഘം പാകിസ്ഥാന്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മഞ്ഞ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ 20 പാക്കറ്റ് മയക്കുമരുന്ന് ബിഎസ്‌എഫ് കണ്ടെത്തി. ഇത് ഹെറോയിന്‍ ആണെന്ന് സംശയിക്കുന്നതായി ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടാതെ രണ്ട് പിസ്റ്റളുകളും വെടിമരുന്നും പിവിസി പൈപ്പും മാഗസിനുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കി. നേരത്തെ പ്രദേശത്തെ ആദിയ പോസ്റ്റിന് സമീപം പാകിസ്ഥാനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോണ്‍ ബിഎസ്‌എഫ് കണ്ടെത്തിയിരുന്നു.

പ്രസ്‌തുത ഡ്രോണിന് നേരെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്താനുള്ള പ്രധാന മാര്‍ഗമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നു എന്നാണ് ബിഎസ്‌എഫ് നല്‍കുന്ന വിവരം.

ABOUT THE AUTHOR

...view details