കൊല്‍ക്കത്ത : ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയായ സീറോ ലൈനില്‍ ഇന്ത്യക്കാരനായ പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശുകാരിയായ മകള്‍ക്ക് അവസരം ഒരുക്കി ബിഎസ്എഫ്. ഇന്നലെ (ഡിസംബര്‍ 29) നോര്‍ത്ത് 24 പര്‍ഗാനയുടെ ഹരിഹര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം (BSF permits girl in Bangladesh to pay homage to deceased father)
ലിയാകത്ത് ബിശ്വാസ് എന്ന ആളാണ് മരിച്ചത്. സ്വഭാവിക മരണമായിരുന്നു ഇദ്ദേഹത്തിന്‍റേത്. പഞ്ചായത്തംഗം അമിനുദ്ദീനാണ് 68 ബറ്റാലിയനിലെ ബിഎസ്എഫ് കമാന്‍ഡര്‍ മധുപൂരിനോട് ബംഗ്ലാദേശിലുള്ള മകളെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ബംഗ്ലാദേശ് അതിര്‍ത്തി രക്ഷ സേനയേയും (BGB) ധരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം സംസ്‌കരിക്കും മുമ്പ് മകള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎസ്എഫില്‍ നിന്ന് ഇത്തരമൊരു ആവശ്യം ലഭിച്ചപ്പോള്‍ തന്നെ ഇക്കാര്യം മാനുഷികമായി തങ്ങള്‍ പരിഗണിക്കുകയായിരുന്നുവെന്ന് ബിജിബി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസൈനികര്‍ ഒരു പോലെ പിന്തുണച്ചതിനാല്‍ ലിയാകത്ത് ബിശ്വാസിന്‍റെ ബംഗ്ലാദേശില്‍ കഴിയുന്ന ബന്ധുക്കള്‍ക്ക് ഹരിഹര്‍പുര്‍ ജില്ലയിലെത്തി അദ്ദേഹത്തിന് അന്തിമോപാചരമര്‍പ്പിക്കാനായി.
ഇരുരാജ്യങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മാത്രമല്ല തങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നതെന്നും ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ സന്തോഷവും സങ്കടവും തങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള ജനങ്ങളുടെ മത, സാമൂഹ്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ തയാറാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.