ശ്രീനഗർ: ജമ്മു-കശ്‌മീരിൽ വിവിധയിടങ്ങളിൽ നടന്ന പാക് പ്രകോപനത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ ആറ് പ്രദേശവാസികൾക്ക് ഗുരുതര പരിക്കുകളുണ്ട്. സംഘർഷ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 7-8 പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.
കശ്‌മീരിലെ വിവിധയിടങ്ങളിലാണ് വെടിനിർത്തൽ കരാർ ലംഘനം നടന്നത്. കെരാൻ, ഗുറേസ്, ഉറി സെക്‌ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ. ഇന്ത്യൻ സൈന്യത്തിലെ രണ്ട് പേർ വീരമൃത്യു വരിച്ചത് ഉറി സെക്‌ടറിൽ ഉൾപ്പെടുന്ന നംബ്‌ല പ്രദേശത്താണ്. കൊല്ലപ്പെട്ടവരിൽ ഒരു ക്യാപ്‌റ്റനും ബിഎസ്എഫ് ജവാനും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട രണ്ടു നാട്ടുകാർ കമൽകോട്ടെ പ്രദേശ വാസികളാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ സബ് ഇൻസ്‌പെക്‌ടർ രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ച ബിഎസ്‌എഫ് ജവാൻ. കോൺസ്റ്റബിൾ വാസു രാജ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുന്നുവെന്നും മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാരാമുള്ളയിൽ പാക് പ്രകോപനം; ബിഎസ്എഫ് ജവാന് വീരമൃത്യു
പാകിസ്ഥാൻ പ്രത്യേക സർവീസ് സംഘത്തിലെ (എസ്‌എസ്‌ജി) സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. നവംബറിൽ മാത്രം 128 വെടിനിർത്തൽ കരാർ ലംഘനങ്ങൾ പാകിസ്ഥാൻ നടത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.