സൗത്ത് ദിനാജ്‌പൂർ (പശ്ചിമ ബംഗാൾ): ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളക്കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്‌എഫ് ജവാന് ഗുരുതര പരിക്ക്. നോർത്ത് ബംഗാൾ അതിർത്തിയിലെ റായ്‌ഗഞ്ച് സെക്‌ടറിന് കീഴിലുള്ള 61 ബറ്റാലിയൻ ബിഎസ്എഫിലെ ബിഒപി ഹിലിയിലെ ഡ്യൂട്ടിയിലുള്ള ബിഎസ്‌എഫ് ജവാനാണ് പരിക്കേറ്റത്. ഏറ്റുമുട്ടലിൽ ബംഗ്ലാദേശിലെ ദിനാജ്‌പൂർ സ്വദേശിയായ ബാബു എന്ന കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടു.
പ്രദേശത്തെ ഒരു അരിമില്ലിൽ ഒളിച്ചിരിക്കുകയായിരുന്ന കള്ളക്കടത്ത് സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. വെള്ളിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെ ഇന്ത്യൻ അതിർത്തി ഗ്രാമമായ കുണ്ടുപാറയിൽ നിന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ഹിലിയിലെ ജനറൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട അരി മില്ലിലേക്ക് ഒരു അഞ്ജാതൻ ഓടിക്കയറുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാൻമാരുടെ ശ്രദ്ധയിൽ പെട്ടു.
തുടർന്ന് ജവാന്മാർ അഞ്ജാതനെ പിടിക്കുന്നതിനായി വേലി മതില് ചാടിക്കടന്ന് അരി മില്ലിൽ പ്രവേശിച്ചു. ഇതിനിടെ അവിടെ ഒളിച്ചിരിക്കുകയായിരുന്ന ആറോളം വരുന്ന കള്ളക്കടത്ത് സംഘം മുളവടികൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ജവാൻമാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ആക്രമണം തടയാൻ ബിഎസ്‌എഫ് സംഘം ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിർത്തു.
എന്നാൽ സംഘം വീണ്ടും ആക്രമണം തുടർന്നുകൊണ്ടിരുന്നു. തുടർന്ന് ബിഎസ്‌എഫ് സംഘം കള്ളക്കടത്തുകാർക്ക് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് ബാബുവിന് വെടിയേറ്റത്. ഇതോടെ സംഘത്തിൽ പെട്ട മറ്റുള്ളവർ ബംഗ്ലാദേശ് അതിർത്തിയിലേക്ക് ഓടിരക്ഷപ്പെട്ടു.
വെടിയേറ്റ് പരിക്കേറ്റ ബാബുവിനെ ഹിലിയിലെ പിഎച്ച്‌സിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ബിഎസ്‌എഫ് ജവാൻ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് മുളവടികൾ, 70 കുപ്പി ഫെയർഡിൽ, ഒമ്പത് കുപ്പി ഫെൻസെഗ്രിപ്പ്, 10 സ്ട്രിപ്പ് ടെൻറാഡോ ടാബ്‌ലെറ്റുകൾ, 2400 ബംഗ്ലാദേശി ടാക്ക, ഒരു മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തിട്ടുണ്ട്.