ബെംഗളൂരു:അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിടാനുള്ള മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്‍റെ തീരുമാനത്തോട് ജനങ്ങൾ ക്ഷമിക്കില്ലെന്നറിയിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍, നിയമസഭ പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷെട്ടാറിനോട് തങ്ങള്‍ എന്ത് അനീതിയാണ് ചെയ്‌തതെന്നും യെദ്യൂരപ്പ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അതേസമയം ശനിയാഴ്‌ച വൈകുന്നേരത്തിനുള്ളില്‍ തന്‍റെ കാര്യത്തില്‍ ബിജെപി നീക്കുപോക്കുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നു ജഗദീഷ് ഷെട്ടാറിന്‍റെ അന്ത്യശാസനം.
പാര്‍ട്ടി എല്ലാം നല്‍കി: പാർട്ടിയുടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ഒരു കുടുംബാംഗത്തിന്‍റെ പേര് ടിക്കറ്റിനായി നിർദേശിക്കാന്‍ ആവശ്യപ്പെട്ടു. രാജ്യസഭാംഗമാക്കാം എന്നും കേന്ദ്രമന്ത്രിയാക്കാമെന്നും അറിയിച്ചു. എന്നിട്ടും നിങ്ങൾ എന്തിനാണ് കോൺഗ്രസിലേക്ക് പോകുന്നതെന്നും തങ്ങൾ അധികാരം നൽകുന്നില്ലെന്ന് പറഞ്ഞോ എന്നും യെദ്യൂരപ്പ ചോദിച്ചു. പാര്‍ട്ടി അദ്ദേഹത്തോട് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നറിയിച്ച യെദ്യൂരപ്പ, അദ്ദേഹം മുമ്പേ കോണ്‍ഗ്രസിലേക്ക് പോകാന്‍ ആഗ്രഹിച്ചുവെന്നും അങ്ങനെയെങ്കില്‍ പോകട്ടെയെന്നും വ്യക്തമാക്കി. കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു.
Also Read: കര്‍ണാടകയില്‍ കൂടുവിട്ട് കൂടുമാറ്റം സജീവം; പാര്‍ട്ടി ടിക്കറ്റിനായി നേതൃത്വത്തിന് മുന്നില്‍ അന്ത്യശാസനം വച്ച് ജഗദീഷ് ഷെട്ടാര്‍
നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പ്രതികരണം:ഷെട്ടാറിനെ പോലെ തന്നെ കോണ്‍ഗ്രസിലേക്കുള്ള ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പ്രതികരിക്കാനും യെദ്യൂരപ്പ മറന്നില്ല. പുതിയ നേതാക്കൾക്കൊപ്പം പഴയ വേരുകളുള്ള ദേശീയ പാർട്ടിയാണ് ബിജെപി. ജഗദീഷ് ഷെട്ടാർ, ലക്ഷ്‌മണ സവാദി, കെഎസ് ഈശ്വരപ്പ എന്നിവർക്ക് ബിജെപി നിരവധി സ്ഥാനങ്ങൾ നൽകിയിരുന്നു. ബിജെപിയാണ് തനിക്ക് എല്ലാം തന്നതെന്ന് എന്നെപ്പോലൊരു സാധാരണ പ്രവർത്തകന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സവാദിയെ തങ്ങള്‍ ബിജെപിയിൽ കൊണ്ടുവന്ന് എംഎൽഎയും മന്ത്രിയുമാക്കിയെന്നും കഴിഞ്ഞതവണ പരാജയപ്പെട്ടപ്പോള്‍ പോലും അദ്ദേഹത്തെ എംഎല്‍സിയാക്കിയും ഉപമുഖ്യമന്ത്രി പദവും അധികാരങ്ങള്‍ ഏറെയുള്ള കോര്‍ കമ്മിറ്റി അംഗമാക്കിയെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
ഷെട്ടാറിന്‍റെ രാജിയിലേക്കുള്ള വഴി:ഹൂബ്ലി ധാർവാഡ് സെൻട്രൽ സെഗ്‌മെന്‍റിൽ നിന്ന് പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ആറ് തവണ ബിജെപി എംഎൽഎയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ ബിജെപിയുടെ ആദ്യ രണ്ട് സ്ഥാനാര്‍ഥി പട്ടികയിലും ജഗദീഷ് ഷെട്ടാറിന് സ്ഥാനം ലഭിച്ചിരുന്നില്ല. ഇതോടെ മണ്ഡലത്തില്‍ നിന്ന് എംഎൽഎയായി പുതിയ പദം തേടേണ്ടതില്ലെന്ന് ബിജെപി അദ്ദേഹത്തെ ഉപദേശിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഷെട്ടാര്‍ പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങുന്നതും കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്‌ച നടത്തുന്നതും. തുടര്‍ന്ന് ഇന്ന് ഉത്തര കന്നഡ ജില്ലയിലെ സിർസിയിൽ വച്ച് അദ്ദേഹം നിയമസഭ സ്‌പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
Also Read: കർണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുന്‍ മന്ത്രിയടക്കം മൂന്നുപേര്‍ കൂടി പാര്‍ട്ടി വിട്ടു