ഹൈദരാബാദ്: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ പരിഹാസത്തോടെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ഭാരത് രാഷ്‌ട്ര സമിതി(ബിആര്‍എസ്). ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ച ചിത്രങ്ങള്‍ നിര്‍മ വാഷിങ് പൗഡറിന്‍റെ പരസ്യത്തില്‍ ചേര്‍ത്ത് താഴെ വെല്‍ക്കം ടു അമിത് ഷാ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ ശനിയാഴ്‌ച മുതലാണ് ഹൈദരാബാദില്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്‌ച 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡില്‍ പങ്കെടുക്കാനായി അമിത് ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു.
വാഷിംഗ് പൗഡര്‍ നിര്‍മ പോസ്റ്ററുകള്‍:നഗരത്തിലെ ജെബിഎസ് ജംഗ്‌ഷനിലാണ് ബിജെപിയെ ലക്ഷ്യമിട്ടുളള വാഷിംഗ് പൗഡര്‍ നിര്‍മ ഹോര്‍ഡിംഗുകള്‍ അമിത് ഷായുടെ വരവിന് മുന്നോടിയായി വന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ശേഷം വിവിധ കേസുകളിലെ അന്വേഷണം മരവിപ്പിക്കപ്പെട്ട നേതാക്കളുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുളളത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അര്‍ജുന്‍ ഖോട്‌കര്‍, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരുപാക്ഷപ്പ എന്നിവരുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്‌ത് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്.
മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തുന്നവരെ വെളുപ്പിക്കലാണ് നടക്കുന്നതെന്ന് ബിആര്‍എസ് ആരോപിക്കുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ കവിത എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായതിന് പിന്നാലെയാണ് നഗരത്തില്‍ ഹോര്‍ഡിംഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രശസ്‌ത ഡിറ്റർജന്‍റ് ബ്രാൻഡായ ടൈഡിന്‍റെ പരസ്യം അനുകരിക്കുന്ന 'ബൈ ബൈ മോദി' പോസ്റ്ററുകളും ഹൈദരാബാദിലുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു.
ബിആര്‍എസും ബിജെപിയും തമ്മില്‍ പോര്:അതേസമയം നഗരത്തില്‍ ബോര്‍ഡ് വച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളെ ഭയന്നാണ് ബിആര്‍എസ് പേരില്ലാതെ ബോര്‍ഡ് വച്ചതെന്ന് ബിജെപി നേതാവ് എന്‍ രാമചന്ദര്‍ റാവു ആരോപിച്ചു. കെ കവിതയെ ഇഡി ചോദ്യം ചെയ്‌തതിന് പിന്നാലെ ബിആര്‍എസും ബിജെപിയും പരസ്‌പര പോരിലാണ്.