ഹൈദരാബാദ് (തെലങ്കാന) : രാജ്യത്തിന്‍റെ നിയമ നിർമാണത്തിൽ നാഴികക്കല്ല് അടയാളപ്പെടുത്തിയാണ് ലോക്‌സഭയിൽ കഴിഞ്ഞ ദിവസം വനിത സംവരണ ബിൽ (women's Reservation Bill ) പാസാക്കിയത്. നിയമനിർമാണ സ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിയമനിർമാണത്തിന്‍റെ പ്രധാന വക്താക്കളിലൊരാളായ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി (Member of the Legislative Council) കെ കവിത, വനിത സംവരണ ബില്ലിൽ പ്രതികരിച്ച് ബുധനാഴ്‌ച രംഗത്തെത്തി (BRS MLC K Kavitha On women's Reservation Bill). രാഷ്‌ട്രീയ പ്രക്രിയയിൽ സ്‌ത്രീകളുടെ കൂടുതൽ ശക്തവും പ്രാധാന്യമുള്ളതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പെന്നാണ് ബില്ലിനെ കെ കവിത വിശേഷിപ്പിച്ചത്.
ബിൽ പാസാക്കിയതിനെ അഭിനന്ദിക്കുന്നതിനോടൊപ്പം കരട് നിയമ നിർമാണത്തിൽ നിന്ന് 'ഒബിസി സബ് ക്വാട്ട' (OBC sub-quota) ഒഴിവാക്കിയത് വേദനാജനകമാണെന്ന് അവർ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (Telangana Chief Minister K Chandrasekhar Rao) മകൾ കൂടിയായ കെ കവിത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ 47 രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട് നേരത്തെ കത്തയച്ചിരുന്നു. രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ബിൽ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
നേരത്തെ, ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് എംഎൽസി മാർച്ചിൽ നിരാഹാര സമരം നടത്തിയിരുന്നു. അതേസമയം ഈ ബിൽ പാസായതിൽ എല്ലാ പൗരന്മാരെയും, പ്രത്യേകിച്ച് സ്‌ത്രീകളെ അഭിനന്ദിക്കുന്നതിനായി ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷത്തിൽ ബിൽ പാസായതിന് പിന്നാലെ കവിത പ്രതികരിച്ചു. 'മികച്ച പങ്കാളിത്തം നേടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണിത്.
രാഷ്‌ട്രീയ പ്രക്രിയയിൽ തീർച്ചയായും ഈ നിയമം രാജ്യത്തിന്‍റെ ജനാധിപത്യ അടിത്തറ ഉയർത്താൻ സഹായിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ തന്നെ പാർലമെന്‍ററി ചർച്ചകളിൽ കൂടുതൽ വനിതാ അംഗങ്ങൾ പങ്കെടുക്കുന്നത് ഗുണനിലവാരം ഉയർത്തും' -കവിത പറഞ്ഞു.
എന്നാലിതിൽ പ്രധാനമായ രണ്ട് ഒഴിവാക്കലുകൾ നടന്നിട്ടുണ്ടെന്നും കരട് നിയമ നിർമാണത്തിൽ ഒബിസി സബ് ക്വാട്ട നൽകാത്തതിനെ പരാമർശിച്ച് കവിത ചൂണ്ടിക്കാട്ടി. 'ഇതിൽ ഏതൊരാളുടെയും കണ്ണിൽ പെടുന്ന രണ്ട് ഒഴിവാക്കലുകൾ ഉണ്ട്. ഒബിസി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകൾക്ക് ഒരു സബ്-ക്വാട്ട നൽകാത്തത് വേദനാജനകമാണ്. ഇതിനായി ഒരു ഉപ-ക്വാട്ട ചേർക്കണമായിരുന്നു. ഇത് നിയമനിർമാണ പ്രക്രിയയിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്‌ത്രീകൾക്ക് സമാനമായ പ്രാതിനിധ്യം ഉറപ്പാക്കും' -കവിത പറഞ്ഞു.