ഖമ്മം (തെലങ്കാന): മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ദേശീയ നേതാക്കളുടെ സാന്നധ്യത്തില്‍ ഭാരത് രാഷ്‌ട്ര സമിതിയുടെ (ബിആര്‍എസ്) ആദ്യ പൊതുയോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എസ്‌പി അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളാണ് തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ശക്തമായ ബദല്‍ മുന്നണി കെട്ടിപ്പെടുക്കുന്നതിന്‍റെ മുന്നോടിയാണ് ബിആര്‍എസിന്‍റെ പൊതുയോഗം എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ചടങ്ങില്‍ ബിജെപിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പ്രസംഗവും അതിനുള്ള സൂചനയായാണ് നിരീക്ഷകര്‍ കാണുന്നത്.
ചെറുത്തു നില്‍പ്പ് അനിവാര്യമെന്ന് പിണറായി വിജയന്‍: കൊളോണിയല്‍ ശക്തിയോട് നിരുപാധികം മാപ്പു പറയുകയും സാമ്രാജ്യത്വ കിരീടം സേവിക്കുമെന്ന് വാഗ്‌ദാനം നല്‍കുകയും ചെയ്‌തവരുടെ അനുയായികളാണ് ഇന്ന് രാജ്യത്തിന്‍റെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും മതനിരപേക്ഷതയും ജനാധിപത്യവും സ്വാതന്ത്ര്യ സമര ആദര്‍ശങ്ങളും സംരക്ഷിക്കാന്‍ ചെറുത്തു നില്‍പ്പുകളുടെ നാടായ ഖമ്മത്ത് നിന്ന് മറ്റൊരു ചെറുത്തു നില്‍പ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. മാതൃഭാഷകളെ മാറ്റി നിര്‍ത്തി ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള ബിജെപി നീക്കം രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പിണറായി വിജയന്‍ ആരോപിച്ചു. 'ജഡ്‌ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന് നിർണായകമായ അഭിപ്രായമുണ്ടാകണമെന്ന കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്‌താവന ജുഡിഷ്യൽ സ്വയംഭരണാധികാരം തകർക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു എന്നതിന് തെളിവാണ്', പിണറായി വിജയൻ പറഞ്ഞു.
ബിജെപിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ഒരു തമാശ: 2024ലെ തെരഞ്ഞെടുപ്പില്‍ ബിആര്‍എസ് സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുമെന്ന് ബിആർഎസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. സായുധ സേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതി നിര്‍ത്തലാക്കുമെന്നും കെസിആര്‍ വ്യക്തമാക്കി. തെലങ്കാനയിലെ കര്‍ഷക ക്ഷേമ പദ്ധതി പോലുള്ള പദ്ധതികള്‍ രാജ്യത്തുടനീളം നടപ്പാക്കുക എന്നത് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമാണെന്നും കെസിആർ പറഞ്ഞു. പ്രസംഗത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കെസിആർ പരിഹസിക്കുകയും ഉണ്ടായി. രാജ്യത്ത് ബിജെപിയുടെ മേക്ക് ഇന്‍ ഇന്ത്യ ഒരു തമാശയാണെന്നായിരുന്നു ബിആര്‍എസ് അധ്യക്ഷന്‍റെ പരാമര്‍ശം.