ഗുർദാസ്‌പൂർ (പഞ്ചാബ്): ഏഴര പതിറ്റാണ്ടുകൾക്ക് ശേഷം സംഗമിക്കുന്ന സഹോദരങ്ങളുടെ ഒരു വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലാകെ. 75 വർഷത്തിന് ശേഷം തന്‍റെ സഹോദരനെ കാണുന്ന 81 കാരിയായ മഹീന്ദർ കൗർ ആരുടെയും കണ്ണുനനയിക്കും.
1974ലെ വിഭജന സമയത്താണ് മഹീന്ദർ കൗർ തന്‍റെ ഇളയ സഹോദരനായ ഷെയ്ഖ് അബ്‌ദുല്ല അസീസില്‍ നിന്ന് വേർപിരിയുന്നത്. ഇപ്പോഴിതാ നീണ്ട 75 വർഷത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഇന്ത്യക്കാരെ അനുവദിക്കുന്ന കർതാർപൂർ ഇടനാഴിയോടാണ് ഈ സഹോദരങ്ങൾ നന്ദി പറയുന്നത്.
കുടുംബാംഗങ്ങൾക്കൊപ്പം ആണ് കർതാർപൂർ ഇടനാഴി വഴി ഗുരുദ്വാര സാഹിബിലേക്ക് മഹീന്ദർ കൗർ പോയത്. അതേസമയം തന്നെ സഹോദരൻ 78 കാരനായ ഷെയ്ഖ് അബ്‌ദുല്ല അസീസും പാക് അധീന കശ്‌മീരിൽ നിന്ന് കുടുംബത്തോടൊപ്പം കർതാർപൂർ സാഹിബില്‍ എത്തുകയായിരുന്നു. ഏഴര പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സഹോദരങ്ങളുടെ അപൂർവ സംഗമം കർതാർപൂർ സാഹിബിൽ സന്നിഹിതരായവരെയും ഈറനണിയിച്ചു.
ഇരുവരുടെയും കുടുംബാംഗങ്ങളും ആഹ്ളാദത്തിൽ ഒത്തുചേർന്നു. അന്യോന്യം തിരിച്ചറിഞ്ഞതിന് പിന്നാലെ കൗറും അസീസും പരസ്‌പരം ആലിംഗനം ചെയ്യുന്നതും മാതാപിതാക്കളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
1947ലെ ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് മുമ്പ് ഇരുവരും ഇന്ത്യയിൽ ആയിരുന്നു താമസിച്ചിരുന്നത്. വിഭജനത്തിന് ശേഷം അസീസ് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ സ്ഥിരതാമസമാക്കി. മുസ്‌ലിം മതവും സ്വീകരിച്ചു.