ഫാജില്‍ക (പഞ്ചാബ്): സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന സഹോദരി കുത്തേറ്റ് മരിച്ചു. പഞ്ചാബിലെ ഫാജില്‍കയിലെ ഉജ്ജന്‍വാലിയിലാണ് ദാരുണമായ സംഭവം. മൊഹാലി സ്വദേശി പ്രവീണ്‍ റാണിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്‌ച രാത്രി 9 മണിക്കാണ് സംഭവം. ബല്‍വീന്ദര്‍ സിങ്ങും ഇളയ സഹോദരന്‍ ശിന്ദര്‍ സിങ്ങും തമ്മില്‍ വീട് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ശിന്ദര്‍ സിങ് വീടിന്‍റെ മുറ്റത്ത് പുല്ല് മുറിയ്ക്കുന്ന യന്ത്രം സ്ഥാപിച്ചു. സംഭവ ദിവസം ഇതേ ചൊല്ലിയും സഹോദരങ്ങള്‍ തമ്മിൽ വാക്കേറ്റമുണ്ടായി.
Also read: ക്ഷണിച്ചതുപ്രകാരം വിരുന്നിനെത്തി, ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ സഹോദരന്‍ ; വീണ്ടും നടുക്കുന്ന ദുരഭിമാനക്കൊല
ഇതിനിടെ അനുനയിപ്പിക്കാനായി ചെന്ന പ്രവീണ്‍ റാണിയുടെ കഴുത്തിന് ബല്‍വീന്ദര്‍ സിങ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ റാണിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രവീണ്‍ റാണിയുടെ പിതാവും മക്കളും കൃത്യം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.
മൊഹാലിയില്‍ നിന്ന് അവധിക്കായി മക്കളുമൊത്ത് മാതാപിതാക്കളുടെ വീട്ടിലെത്തിയതാണ് പ്രവീണ്‍ റാണി. സംഭവത്തില്‍ ബല്‍വീന്ദര്‍ സിങ്, ഭാര്യ പൂജ റാണി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഫാജില്‍ക ഡിഎസ്‌പി ജസ്‌ബീര്‍ സിങ് പന്നു അറിയിച്ചു. പ്രവീണ്‍ റാണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.