കോതഗുഡെം (തെലങ്കാന) : റീലുകളും യൂട്യൂബ് ഷോര്‍ട്‌സുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് യുവതിയെ സഹോദരന്‍ കൊലപ്പെടുത്തി. ഭദ്രാദി കോതഗുഡെം ജില്ലയില്‍ യെല്ലണ്ടു മണ്ഡലത്തിലെ രാജീവ് നഗറില്‍ തിങ്കളാഴ്‌ചയാണ് സംഭവം. സംഘവി എന്ന അജ്‌മീര സിന്ധു (21) ആണ് കൊല്ലപ്പെട്ടത്.
സഹോദരന്‍ ഹരിലാല്‍ സംഭവ ശേഷം ഒളിവിലാണ്. സംഘവി വീണപ്പോള്‍ കല്ലില്‍ തല ഇടിച്ചു എന്നും പിന്നാലെ മരിച്ചു എന്നുമാണ് കുടുംബം പുറത്ത് പറഞ്ഞത്. എന്നാല്‍ യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്തിയതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറംലേകം അറിഞ്ഞത്.
സംഭവത്തെ പറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കരുണാകര്‍ പറയുന്നത് ഇങ്ങനെ : ഹരിലാലും സംഘവിയും ഇവരുടെ അമ്മയും അടങ്ങുന്നതാണ് കുടുംബം. മഹബൂബാബാദിൽ എഎൻഎം അപ്രന്‍റീസായ സംഘവി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത് ഇഷ്‌ടപ്പെടാത്ത ഹരിലാൽ അവളുമായി വഴക്കിടുന്നത് പതിവായിരുന്നു.
തിങ്കളാഴ്‌ച രാത്രിയും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ഹരിലാൽ ഇടികല്ല് എടുത്ത് അവളുടെ തലയിൽ ഇടിച്ചു. സംഘവിക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ ഖമ്മത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മെച്ചപ്പെട്ട ചികിത്സക്കായി വാറങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഘവി കല്ലില്‍ തടയിടിച്ച് വീണെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച കുടുംബം, ഇന്നലെ (ജൂലൈ 25) രാവിലെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തിടുക്കത്തില്‍ നടത്തി.
കുടുംബത്തിന്‍റെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. അപ്പോഴേക്ക് ഹരിലാല്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് സിഐ കരുണാകര്‍ അറിയിച്ചു.