ഗോണ്ട (ഉത്തർപ്രദേശ്):2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്‌തമാക്കി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തനിയ്‌ക്കെതിരായി ഗുസ്‌തി താരങ്ങൾ ആരംഭിച്ച സമരത്തിന് ശേഷം നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൈസർഗഞ്ച് മണ്ഡലത്തിൽ നടന്ന റാലിയിലായിരുന്നു ബ്രിജ് ഭൂഷന്‍റെ പ്രഖ്യാപനം.
നരേന്ദ്ര മോദി സർക്കാരിന്‍റെ ഒമ്പത് വർഷങ്ങളുടെ ഭാഗമായും, 2024ലെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 'മഹാസമ്പർക്ക് അഭിയാന്‍റെ' ഭാഗവുമായാണ് റാലി സംഘടിപ്പിച്ചത്. 'തെറ്റിദ്ധരിക്കപ്പെട്ടു' എന്ന് അർത്ഥം വരുന്ന ഉറുദു കവിതയോടെയാണ് ബ്രിജ് ഭൂഷണ്‍ പ്രസംഗം ആരംഭിച്ചത്. 'അവിശ്വസ്‌തൻ എന്ന് വിളിക്കുന്നു എന്നതാണ് എന്‍റെ സ്‌നേഹത്തിന് എനിക്ക് ലഭിച്ച പ്രതിഫലം. അതിനെ പ്രശസ്‌തിയെന്നോ അപകീർത്തിയെന്നോ വിളിക്കൂ' എന്നതായിരുന്നു കവിതയുടെ തുടക്കം.
കൂടാതെ പ്രസംഗത്തിലുടെനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബ്രിജ് ഭൂഷണ്‍ പ്രകീർത്തിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതും ചൂണ്ടിക്കാട്ടിയാണ് മോദിയെ ബ്രിജ് ഭൂഷൻ പ്രകീർത്തിച്ചത്. കൂടാതെ കോൺഗ്രസ് ഭരണകാലത്താണ് ഇന്ത്യൻ അതിർത്തി അയൽ രാജ്യങ്ങൾ കൈയടക്കിയതെന്നും, അന്ന് പ്രധാനമന്ത്രി മോദി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ അത് തിരിച്ച് പിടിക്കുമായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
റാലിക്ക് അനുമതി നൽകാതെ ഭരണകൂടം : ജൂണ്‍ അഞ്ചിന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്‍റെ നേതൃത്വത്തിൽ അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന ജൻ ചേത്‌ന മഹാറാലിക്ക് അയോധ്യ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആർ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു നടപടി.