മുംബൈ: അഴിമതിയാരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര മുന്‍ അഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്‍റെ മുംബൈ നാഗ്പൂര്‍ വസതികളില്‍ സിബിഐ റെയ്ഡ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് ചില ഇടങ്ങളിലും പരിശോധനയുണ്ട്.
മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിനായി ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനിൽ ദേശ്മുഖിനും സഹായികൾക്കുമെതിരെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പരിശോധന.
അനിൽ ദേശ്മുഖിന്‍റെ മുംബൈ,നാഗ്പൂർ വസതികളിൽ സിബിഐ പരിശോധന ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് 25നാണ് പരംബീർ സിംഗ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി നൽകിയത്. മുംബൈയിലെ ബാറുകളിൽനിന്നും റസ്റ്റോറന്‍റുകളിൽ നിന്നുമായി മാസം 100 കോടി രൂപയ്ക്ക് മുകളിൽ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയോട് നിര്‍ദേശിച്ചെന്നാണ് പരംബീർ സിംഗിന്‍റെ ആരോപണം.
More Read: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയുടെ സഹായികളെ സിബിഐ ചോദ്യം ചെയ്തു
ദേശ്മുഖിന്‍റെ അഴിമതികളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മറ്റ് മുതിർന്ന നേതാക്കൾക്കും പരാതി നൽകിയതിനെത്തുടർന്നാണ് മുംബൈ പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയെന്ന് ആരോപിച്ചാണ് പരംബീർ സിംഗ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. സംഭവം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചു. തുടർന്നാണ് പരംബീർ സിംഗ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുന്നത്. എൻസിപി നേതാവായ ദേശ്മുഖിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.