കോയമ്പത്തൂർ (തമിഴ്‌നാട്): പത്ത് മാസം കൊണ്ട് 55 ലിറ്റർ മുലപ്പാൽ കുട്ടികൾക്ക് നൽകി ഇന്ത്യ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക. അമ്മമാർ മരിച്ചതോ അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സിന്ധു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒന്നര വയസുള്ള കുഞ്ഞിന്‍റെ അമ്മ കൂടിയായ സിന്ധു മുലപ്പാൽ ദാനം ചെയ്യുന്നതിനെ കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് മുലപ്പാൽ ശേഖരിക്കുന്ന തിരുപ്പൂരിലെ അമൃതം തായ് പാൽ ധനം എന്ന സംഘടനയുമായി ബന്ധപ്പെട്ടു. മുലപ്പാൽ എങ്ങനെ ശേഖരിക്കണം, എങ്ങനെ സൂക്ഷിക്കണം എന്നതിനെയൊക്കെ കുറിച്ച് സംഘടനയിലെ രൂപയിൽ നിന്ന് മനസിലാക്കി. തുടർന്ന് ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ച് സർക്കാർ ആശുപത്രിയിലേക്ക് കൊടുത്തു.
മുലയൂട്ടുന്നതിന്‍റെ പ്രാധാന്യം ഓരോ അമ്മയേയും ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. മുലപ്പാൽ സംഭാവന ചെയ്യാൻ എല്ലാവരും തയാറാവണം. മുലപ്പാൽ അപ്രാപ്യമായ നിരവധി കുട്ടികൾ സർക്കാർ ആശുപത്രികളിലുണ്ട്. അത് തടയാൻ എല്ലാവരും മുന്നോട്ട് വരണം. മുലയൂട്ടിയാൽ സൗന്ദര്യം കുറയുമെന്ന് കരുതുന്നത് തെറ്റാണ്. സൗന്ദര്യത്തേക്കാൾ പ്രധാനം കുട്ടിയുടെ ആരോഗ്യമാണെന്നും സിന്ധു പറയുന്നു.