അജ്‌മീർ: ബ്രിട്ടീഷ് ഇന്ത്യയിലെ രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രഭരണ പ്രദേശമായിരുന്നു അജ്‌മീർ. അതിനാൽ തന്നെ അജ്‌മീറിൽ നടക്കുന്ന കാര്യങ്ങൾ ബ്രിട്ടീഷുകാരുടെ ചെവികളിലെത്തുക വളരെ എളുപ്പമായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോൾ ചക്കർ രാജ്യത്തെ അടിമത്തത്തിന്‍റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ രക്തവും വിയർപ്പും ഒഴുക്കിയ വിപ്ലവകാരികളുടെ സാഹസിക കഥകൾക്ക് സാക്ഷ്യം വഹിച്ചു. മഹാനായ വിപ്ലവകാരിയായ അർജുൻ ലാൽ സേഥിക്കൊപ്പം മറ്റ് നിരവധി പ്രാദേശിക നേതാക്കളും അജ്‌മീറിലെ സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളായ പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രവും ഖ്വാജ മൊയ്നുദ്ദീൻ ചിഷ്‌തിയുടെ ദർഗയും അജ്‌മീറിലാണ്. അതിനാൽ വിപ്ലവകാരികൾ ഭക്തരുടെ വേഷത്തിൽ അജ്‌മീറിലെത്തി അവരുടെ ഉദ്ദേശങ്ങൾ നിറവേറ്റുകയായിരുന്നു പതിവ്. നേതാജി സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് തുടങ്ങി നിരവധി നേതാക്കള്‍ അജ്‌മീറിൽ വരാറുണ്ടായിരുന്നു. ആസാദ് അജ്‌മീറിലെ ഒരു കുന്നിൻ മുകളിലുള്ള കുടിലിലും ഭഗത് സിങ് ബീവാർ മേഖലയിലുമാണ് താമസിച്ചിരുന്നത്.
രാജസ്ഥാനിലെ സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ അർജുൻ ലാൽ സേഥിക്ക് വിപ്ലവാവേശം നൽകുന്നതിനും അജ്‌മീർ കാരണമായി. 1905ലെ ബംഗാൾ വിഭജനത്തിനെതിരായ കലാപത്തിൽ സേഥി നിർണായക പങ്ക് വഹിച്ചു.
1907ൽ ജെയിൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അജ്‌മീറിൽ ഒരു സ്കൂൾ സ്ഥാപിച്ചു. 1908ൽ സ്കൂൾ ജൈന വർദ്ധമൻ പാഠശാല എന്ന പേരിൽ ജയ്‌പൂരിലേക്ക് മാറ്റി സ്ഥാപിച്ചു. യുവാക്കളിൽ വിപ്ലവാവേശം നിറയ്ക്കുക എന്നതായിരുന്നു സ്‌കൂളിന്‍റെ ലക്ഷ്യം.