ദുംക (ജാർഖണ്ഡ്): ദുർമന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ മനുഷ്യ വിസർജ്യം കഴിപ്പിച്ച് ഗ്രാമീണർ. ദുംക ജില്ലയിലെ സരയ്യഹാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ശനിയാഴ്‌ചയാണ്(24.09.2022) ക്രൂരമായ സംഭവം നടന്നത്. സ്ത്രീകളെ ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ഗ്രാമവാസികൾ ചേർന്ന് മർദിക്കുകയും മനുഷ്യ വിസർജ്യം കുപ്പിയിൽ നിറച്ച് കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. തുടർന്ന് ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങൾ പൊള്ളിച്ചു.
ദുർമന്ത്രവാദം ആരോപിച്ച് കുടുംബത്തിലെ നാല് സ്ത്രീകളെ വിസർജ്യം കഴിപ്പിച്ചു; ആറ് പേർക്കെതിരെ കേസ് - മനുഷ്യ വിസർജ്യം
ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് ദുർമന്ത്രവാദം ആരോപിക്കപ്പെട്ട സ്ത്രീകൾക്ക് ക്രൂര പീഡനത്തിനിരയാകേണ്ടി വന്നത്.
സംഭവമറിഞ്ഞ് ഞായറാഴ്‌ച സ്ഥലത്തെത്തിയ പൊലീസ് ഇവരെ പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് അവരെ ദിയോഘറിലെ ആശുപത്രിയിലേക്ക് മാറ്റി.
കുടുംബത്തിന്‍റെ പരാതിയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗ്രാമവാസികളായ ജ്യോതിൻ, മുനി സോറൻ, ലഖിറാം മുർമു, സുനിൽ മുർമു, ഉമേഷ് മുർമു, മംഗൾ മുർമു എന്നിവരാണ് കൃത്യത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. ഐപിസി സെക്ഷൻ 448, 323, 325, 326A, 341, 307, 504, 506, 34, ദുർമന്ത്രവാദ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് സരയ്യഹാത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ വിനയ് കുമാർ പറഞ്ഞു.