മുംബൈ:വിവാഹ ശേഷം രണ്‍ബീർ കപൂർ-ആലിയ ഭട്ട് താരജോഡിയുടെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്‌ത്ര. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്നു. മിത്തോളജിക്കൽ ഫാന്‍റസി ബിഗ് ബജറ്റ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ ട്രെയിലർ ജൂണ്‍ 15നാണ് റിലീസ് ചെയ്യുക.
രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ ഉൾപ്പെടുത്തി പുറത്തിറക്കിയ സിനിമയുടെ ടീസറിലൂടെയാണ് അണിയറക്കാര്‍ ട്രെയിലര്‍ ഡേറ്റ് പുറത്തുവിട്ടത്. പുരാണ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൂന്ന് ഭാഗങ്ങളിലായി എടുക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പര്‍താരം നാഗാർജുനയും, നടി മൗനി റോയിയും പ്രധാന റോളുകളില്‍ എത്തുന്നു.
ഫാന്‍റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണ് ബ്രഹ്മാസ്‌ത്ര എന്നാണ് അണിയറ പ്രവര്‍ത്തകർ അവകാശപ്പെടുന്നത്. രണ്‍ബീര്‍ കപൂറിന്‍റെ 'വേക്ക് അപ് സിദ്', 'യേ ജവാനി ഹേ ദിവാനി' എന്നീ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് ബ്രഹ്മാസ്‌ത്ര ഒരുക്കുന്നത്.
ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. പങ്കജ് കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സ്റ്റാർ സ്റ്റുഡിയോ, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളുടെ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 9ന് ബ്രഹ്മാസ്‌ത്രയുടെ ആദ്യ ഭാഗം റിലീസ് ചെയ്യും.