മഹാരാഷ്‌ട്ര: കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമം കാമുകനെതിരെ കേസെടുത്ത് പൊലീസ്. താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഔല ഏരിയയിലാണ് സംഭവം (Boyfriend crushed his girlfriend under car). ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശ്വജിത് ഗെയ്‌ക്‌വാദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കാമുകി ആരോപിച്ചു.
കേസിൽ പ്രതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കാസർവാഡ്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിസംബര്‍ 11 ന് പുലർച്ചെ 4.30 ഓടെ ഔലയിലെ ഹോട്ടലിന് സമീപത്ത് വെച്ച് അശ്വജിത്ത് ഗെയ്‌ക്‌വാദ് കാണാൻ വിളിക്കുകയും ചില കാരണങ്ങളാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് അശ്വജിത്ത് കാമുകിയെ ക്രൂരമായി മർദിക്കുകയും തന്‍റെ സുഹൃത്തുക്കളോട് പെൺകുട്ടിയുടെ മേൽ കാർ ഓടിച്ചു കയറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
സുഹൃത്തുക്കളായ റോമിൽ പാട്ടീലും സാഗർ ഷെൽക്കെയുമാണ് മറ്റ് പ്രതികള്‍. കാമുകൻ അശ്വജിത് ഗെയ്‌ക്‌വാദ് തന്നെ മാരകമായി ആക്രമിച്ചതായി പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളിൽ പൊലീസുകാരന്‍റെ മകനും ഉള്ളതിനാൽ കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പറയുന്നു.
കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് താനെ പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ അമർ സിംഗ് ജാദവ് പറഞ്ഞു.