ഹൈദരാബാദ് : സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ (Paytm FASTag) നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന വ്യജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പേടിഎം (Paytm). വീഡിയോ പേടിഎം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. വീഡിയോയിൽ കാറിന്‍റെ ഗ്ലാസ് വൃത്തിയാക്കുന്ന ആൺകുട്ടി തന്‍റെ സ്‌മാർട് വാച്ച് ഉപയോഗിച്ച് ഫാസ്‌ടാഗ് (FASTag) സ്‌കാൻ ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമാണ്.
ഇത് മനസിലാക്കിയ കാറിലുണ്ടായിരുന്ന വ്യക്തി കുട്ടിയെ തന്ത്രപരമായി ചോദ്യം ചെയ്യുകയും പിടിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇത് പുതിയ തരം തട്ടിപ്പാണെന്നും പലതവണ താൻ ഇത് നേരിട്ടുണ്ടെന്നും വീഡിയോയിലുള്ള വ്യക്തി അവകാശപ്പെട്ടു. തുടർന്നാണ് ഫാസ്‌ടാഗിന്‍റെ സുരക്ഷയെ സംബന്ധിച്ച് വിശദീകരണവുമായി പേടിഎം രംഗത്തെത്തിയത്.
വിശദീകരണവുമായി പേടിഎം; ഈ വീഡിയോ വ്യാജമാണെന്നും ഫാസ്‌ടാഗ് സ്‌കാനിംഗിനെ കുറിച്ചുള്ള തെറ്റായ പ്രചാരണമാണെന്നും പേടിഎം വ്യക്തമാക്കി. എൻഇടിസി (NETC) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒന്നിലധികം പരിശോധനകൾക്ക് ശേഷം അംഗീകൃത വ്യാപാരികൾക്ക് മാത്രമേ ഫാസ്‌ടാഗ് പേയ്‌മെന്‍റുകൾ ആരംഭിക്കാൻ കഴിയൂ. പേടിഎം ഫാസ്‌ടാഗ് പൂർണ്ണമായും സുരക്ഷിതമാണെന്ന് പേടിഎം ട്വിറ്ററിൽ കുറിച്ചു.
വീഡിയോ നിരസിച്ച് നിരവധി പേർ; എത്തിക്കൽ ഹാക്കർ സണ്ണി നെഹ്‌റ ഉൾപ്പെടെ നിരവധി പേർ വീഡിയോ നിരസിച്ചു. ഈ വീഡിയോ ബോധപൂർവ്വം തയ്യാറാക്കിയതാകാം. എൻഎച്ച്എഐ (NHAI) മുഖേന അംഗീകൃത വ്യാപാരികൾക്ക് മാത്രമേ ഫാസ്‌ടാഗ് പേയ്മെന്‍റുകൾ നടത്താനാകൂ എന്ന് നെഹ്റ ട്വീറ്റ് ചെയ്‌തു. വീഡിയോക്ക് പിന്നിലെ യുക്തിയും അദ്ദേഹം ചോദ്യം ചെയ്‌തു. അങ്ങനെ എങ്കിൽ പാർക്കിംഗ് ഏരിയകളിലെ വാഹനങ്ങളിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വലിയ തുകകൾ തട്ടിയെടുക്കാൻ കഴിയുമല്ലോ. ദയവായി ഇത്തരം വ്യജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.