ബഹ്‌റൈച്ച് : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ മുതലയുടെ ആക്രമണത്തിൽ പത്തുവയസുകാരന്‍റെ കൈ നഷ്‌ടപ്പെട്ടു. കതർനിയഘട്ട് വൈൽഡ് ലൈഫ് ഡിവിഷൻ ഏരിയയിൽ ഇന്നലെയാണ് സംഭവം. മജ്‌റ സ്വദേശിയായ അനിൽ എന്ന പത്തുവയസുകാരനാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.
കനാലിനടുത്ത് നിന്നിരുന്ന കുട്ടിയുടെ കയ്യിൽ മുതല കടിക്കുകയും വെള്ളത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടി ആളുകൾ കുട്ടിയെ മുതലയിൽ നിന്ന് രക്ഷിക്കുകയും ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ഹെൽത്ത് സെന്‍റർ അതികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കക്കർഹ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഇൻസ്പെക്‌ടർ അലോക് മണി തിവാരി സംഭവസ്ഥലത്തെത്തി.
പതിനാലുകാരനെ മുതല കടിച്ചു കൊന്നു : കഴിഞ്ഞ മാസം 14-ാം തീയതി ബിഹാറിലെ വൈശാലി ജില്ലയിലെ ഗംഗ നദിയിൽ കുളിക്കാനിറങ്ങിയ 14-കാരനെ മുതല കടിച്ചു കൊന്നിരുന്നു. റുസ്‌തംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോകുൽപൂർ ഗ്രാമത്തിലെ അങ്കിത് കുമാർ (14) ആണ് മുതലയുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയതോടെ രോഷാകുലരായ നാട്ടുകാർ മുതലയെ പിടികൂടുകയും തല്ലിക്കൊല്ലുകയും ചെയ്‌തു.
മുതലയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മുൻപ് അങ്കിത് കുമാറിന്‍റെ പിതാവ് ധർമേന്ദ്ര പുതിയ വാഹനം വാങ്ങിയിരുന്നു. ഇതിന്‍റെ പൂജകൾക്കായാണ് കുടുംബാംഗങ്ങളോടൊപ്പം ഖൽസ ഘട്ടിൽ അങ്കിത് എത്തിയത്.
പൂജകളുടെ ഭാഗമായി ഗംഗയിൽ കുളിക്കാനിറങ്ങിയപ്പോൾ കുട്ടിയെ മുതല ആക്രമിക്കുകയായിരുന്നു. അങ്കിതിന്‍റെ കാലിൽ കടിച്ച് മുതല കുട്ടിയെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെ നാട്ടുകാർ ചേർന്ന് മുതലയെ പിടികൂടുകയും കരയ്‌ക്കെത്തിച്ച് കമ്പി വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് തല്ലിക്കൊല്ലുകയുമായിരുന്നു.
Read more :ഗംഗയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല കടിച്ചു കൊന്നു; പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ
12 അടി നീളമുള്ള ഭീമൻ മുതലയെ പിടികൂടി : കഴിഞ്ഞ മാസം ഗുജറാത്തിലെ വഡോദര ജില്ലയിലെ സുഖിൽപുര ഗ്രാമത്തിൽ നിന്നും 12 അടി നീളമുള്ള ഭീമൻ മുതലയെ പിടികൂടിയിരുന്നു. ജൂൺ 24ന് പുലർച്ചെയായിരുന്നു മുതലയെ കണ്ടത്. പുലർച്ചെ മൂന്ന് മണിക്ക് വഴിയരികിൽ മുതലയെ കണ്ടതോടെ വൈൽഡ് ലൈഫ് റെസ്‌ക്യൂ ടീമിനെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വന്യജീവി രക്ഷാസംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി മുതലയെ പിടികൂടി.
അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്. പിടികൂടിയ മുതലയെ വനംവകുപ്പിന്‍റെ രക്ഷാകേന്ദ്രത്തിൽ എത്തിക്കുകയും വൈദ്യ പരിശോധനക്ക് ശേഷം വിശ്വമിത്രി നദിയിലേക്ക് ഇറക്കിവിടുകയും ചെയ്‌തു. മഴക്കാലത്ത് നദിയിൽ നിന്നും ഇത്തരത്തിൽ മുതലകൾ കരയിലേക്ക് കയറിവരുന്നത് ഈ പ്രദേശത്ത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
Read more :Crocodile Video| വഴിയരികിൽ 12 അടി നീളമുള്ള ഭീമൻ മുതല, പിടികൂടിയത് 30 മിനിറ്റ് പരിശ്രമത്തിനൊടുവിൽ