ഗോഡ (ജാര്‍ഖണ്ഡ്): മറ്റൊരു ആണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യുന്നുണ്ടെന്നറിഞ്ഞ് കാമുകിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി 17കാരന്‍. ഹോളി ദിനത്തിലാണ് സംഭവം. വ്യാഴാഴ്‌ച ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ആണ്‍കുട്ടിയെ പൊലീസ് പിടികൂടി.
സംഭവം ഇങ്ങനെ: ഉര്‍ജനഗറിലെ പ്രശസ്‌തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ആണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാറുണ്ടെന്ന് കാമുകന്‍ മനസിലാക്കി. ഇതില്‍ പ്രകോപിതനായ 17കാരന്‍ ബുധനാഴ്‌ച വൈകിട്ട് ഹോളി ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് നാഥു സിങ് മീണ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പെൺകുട്ടിയുടെ മൊബൈൽ ഫോണും മൃതദേഹം കണ്ടെത്തിയതിന് ഏതാനും മീറ്റർ അകലെ നിന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാൻ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (എസ്‌ഡിപിഒ) ശിവ് ശങ്കർ തിവാരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ആണ്‍കുട്ടിയെ റിമാൻഡ് ഹോമിലേക്ക് അയച്ചു.
സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊന്നു:പശ്ചിമബംഗാളിലെ സിലിഗുരിയില്‍ അടുത്തകാലത്തായി സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ജാര്‍ഖണ്ഡില്‍ കാമുകന്‍ കാമുകിയെ കൊലപ്പെടുത്തിയെങ്കില്‍ സിലിഗുരിയില്‍ ഭര്‍ത്താവ് ഭാര്യയേയാണ് കൊലപ്പെടുത്തിയത്. സിലിഗുരി സ്വദേശിയായ സുദീപ് ബൈഷ എന്ന യുവാവാണ് ഭാര്യ സുപ്രിയ സിങ്ങിനെ കഴുത്തറുത്ത് കൊന്നത്. സുപ്രിയയെ സുദീപ് സംശയിച്ചിരുന്നതായി ആരോപിച്ചു കൊണ്ട് പിന്നീട് യുവതിയുടെ ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു.