കൊൽക്കത്ത: ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരനെ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌തു. ചൈനയിലെ ഹുബെ നിവാസിയായ ഹാൻ ജുൻവെ (36) ആണ് ബിഎസ്എഫിന്‍റെ പിടിയിലായത്. ജൂൺ 10ന് പശ്ചിമബംഗാളിലെ മാലിക് സുൽത്താൻപൂരിൽ വച്ചാണ് ഇയാൾ അറസ്‌റ്റിലാകുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബി.എസ്.എഫ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രവർത്തനം ചൈനീസ് ഇന്‍റലിജൻസിന് വേണ്ടി
ഇയാളിൽ നിന്ന് ആപ്പിൾ ലാപ്‌ടോപ്പ്, ഐഫോണുകൾ, ബംഗ്ലാദേശ് സിം, ഇന്ത്യൻ സിം, ചൈനീസ് സിം, പെൻ ഡ്രൈവുകൾ, ബാറ്ററികൾ, ചെറിയ ടോർച്ചുകൾ, എടിഎം കാർഡുകൾ, യുഎസ് ഡോളർ, ബംഗ്ലാദേശ് ടാക്ക, ഇന്ത്യൻ കറൻസി തുടങ്ങിയവ കണ്ടെടുത്തു. ഇയാൾ ചൈനീസ് ഇന്‍റലിജൻസ് ഏജൻസിക്ക് വേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇന്ത്യയില്‍ 4 തവണയെത്തി
ജൂൺ രണ്ടിന് ബിസിനസ് വിസയിൽ ബംഗ്ലാദേശിലെ ധാക്കയിലെത്തി ഒരു ചൈനീസ് സുഹൃത്തിനോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് ഹാൻ ജുൻവെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് ജൂൺ എട്ടിന് സോന മസ്‌ജിദിലെത്തി ഒരു ഹോട്ടലിൽ താമസിച്ചു. ജൂൺ 10ന് ഇന്ത്യ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബി.എസ്.എഫ് പിടികൂടുകയായിരുന്നു.
Also Read:ഛത്രാസല്‍ സ്റ്റേഡിയം കൊലപാതകം; സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍
ഇയാളുടെ പാസ്‌പോർട്ട് സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. അതേ സമയം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നാല് തവണ സന്ദർശിച്ചതായും ഹാൻ ജുൻവെ പറഞ്ഞു. ഗുരുഗ്രാമിലെ സ്‌റ്റാർ സ്‌പ്രിംഗ് ഹാൻ ജുൻവെയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ചെയ്യുന്നതെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇയാളുടെ ബിസിനസ് പങ്കാളികളിൽ ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ചൈനയില്‍ നിന്ന് ഇന്ത്യന്‍ വിസ ലഭിക്കാത്തതിനെ തുടർന്ന് ഇവിടേക്ക് പ്രവേശിക്കാന്‍ ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നുമാണ് വിസ നേടിയത്.