മൾബറി പഴങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്...?! വിപണിയിലും ഇവർക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ എപ്പോഴെങ്കിലും ഈ പഴങ്ങളുടെ പ്രത്യേകതയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ..മൾബറി നാരുകൾ കൊണ്ട് സമ്പുഷ്ടമാണ്. ഇതിനാൽ തന്നെ ശരിയായ ദഹനത്തിന് ഇവ സഹായകമാണ്.
എന്നാൽ മൾബറി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇറ്റലിയിലെ എഫ്. ഡി റിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടും കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടും നടത്തിയ ഗവേഷണത്തിലാണ് മൾബറി ശരീരഭാരം കുറയാന്‍ കാരണമാകുന്നു എന്ന കണ്ടെത്തൽ വന്നിരിക്കുന്നത്. ശരീര ഭാരം മാത്രമല്ല ഒട്ടനവധി ഗുണങ്ങളാണ് മൾബറി പഴങ്ങൾക്കുള്ളത്.
ഇവ രീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. വെളുത്ത മൾബറികൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സഹായിക്കുന്നു. ട്യൂമർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നതിനും ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോ ന്യൂട്രിയന്‍റുകളായ ആന്തോസയാനിൻസ്, റെസ്വെറട്രോൾ എന്നിവയും മൾബറിയിൽ അടങ്ങിയിട്ടുണ്ട്.കൂടാതെ ഇവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
- ആന്‍റിഓക്സിഡന്‍റുകളുടെ കലവറ
മൾബറിയിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകൾ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഇവയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ മൾബറി പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് അനീമിയ ബാധിതർക്ക് സഹായകരമാണ്.ഫാറ്റി ആസിഡിന്‍റെ അളവും മൾബറിയുടെ ഘടനയും ഓരോ പ്രദേശങ്ങളിലെ കാലാവസ്ഥ അനുസരിച്ചാണെന്ന് യാങ് എക്സ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു.
ക്യാരറ്റ് പോലെ തന്നെ മൾബറിയും കണ്ണുകൾക്ക് നല്ലതാണ്. കണ്ണിന്‍റെ കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സിയാക്സാന്തിൻ മൾബറിയിൽ അടങ്ങിയിരിക്കുന്നു. മൾബറിയിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ തിമിരത്തെയും മാക്യുലർ ഡീജനറേഷനെയും തടയാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ, കാൽസ്യം എന്നിവ അടങ്ങിയത് കൊണ്ടുതന്നെ ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് മുതലായ അസ്ഥി സംബന്ധമായ തകരാറുകൾ തടയാനും ഇവ സഹായിക്കുന്നു.
മൾബറികളിലെ റെസ്വെറട്രോളിന്‍റെ സാന്നിധ്യം ചർമ്മ സൗന്ദര്യം നിലനിർത്തുന്നു. ബൾട്ട കരോട്ടിൻ പോലുള്ള മൾബറികളിലെ ആന്‍റിഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും കൂടുതൽ മെലനിന്‍ ഉത്പാദനത്തിന് കാരണമാവുകയും ചെയ്യുന്നു. മാത്രവുമല്ല മൾബറി സ്ഥിരമായി കഴിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താന്‍ ഉത്തമമാണ്.സയൻസ് ഡയറക്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് ഒട്ടനവധി ഔഷധ ഗുണങ്ങളാണ് മൾബറിയ്ക്കുള്ളത്. സെറികൾച്ചർ, ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യ വർധക വസ്തുക്കൾ, ഫുഡ്, ബിവറേജ് എന്നിവയ്ക്ക് ഇവ ഉപയോഗിക്കുന്നത് മൂലം സുസ്ഥിര വികസനത്തിന് ഏറ്റവും അനുയോജ്യമായ പഴമാണ് മൾബറി.