ഹൈദരാബാദ് :ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടെ മരണം സ്വാഭാവികമായിരുന്നില്ലെന്നാണ് ബോളിവുഡിലെ പ്രമുഖ നിർമാതാവുകൂടിയായ ബോണി കപൂർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. (Boney Kapoor About Sridevi's Death- It Was Not Natural Death) അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകടമരണമായിരുന്നെന്നാണ് ബോണി പറഞ്ഞത്.
"ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല. അപകടത്തിലാണ് മരിച്ചത്. മരണശേഷം ദുബായ് പൊലീസ് 24 മണിക്കൂറോളം എന്നെ ചോദ്യം ചെയ്‌തു. നുണപരിശോധനയും നടത്തി. ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മർദത്തിന് വഴങ്ങി എല്ലാ വഴിയിലൂടെയും എന്നെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഒടുവിൽ അവർ ശ്രീദേവിയുടെ മരണത്തിൽ ഗൂഢാലോചന ഇല്ലെന്ന നിഗമനത്തിലെത്തി" - ബോണി കപൂർ പറഞ്ഞു.
മെലിഞ്ഞിരിക്കാൻ ശ്രീദേവി കർശനമായ ഭക്ഷണക്രമം പിന്തുടർന്നിരുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ക്രീനിൽ മികവ് നിലനിർത്താൻ കർശനമായ ഭക്ഷണക്രമത്തിലായിരുന്നു ശ്രീദേവി. ഉപ്പില്ലാതെ ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. ഇത്തരത്തിൽ ബോധക്ഷയമുണ്ടായി വീണതുമൂലം ഒരിക്കല്‍ അവർക്ക് ഒരു പല്ല് പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബോണി കപൂർ വെളിപ്പെടുത്തി.
"ശ്രീദേവി മരിച്ച ശേഷം നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവരുടെ ഒരു സിനിമയുടെ സമയത്ത് അവള്‍ കടുത്ത ഡയറ്റിലായിരുന്നു. അന്ന് അവള്‍ ബാത്ത്റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു" - ബോണി വ്യക്തമാക്കി. മരിക്കുന്ന സമയത്തും ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്ര വലിയൊരു അപകടമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ബോണി കപൂര്‍ പറഞ്ഞു.
2018 എപ്രില്‍ 24 ന് ദുബായിൽ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബത്തിലെ ആഘോഷവേളയില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ശ്രീദേവി മരണപ്പെടുന്നത്.