മുംബൈ : മഹാരാഷ്‌ട്രയിൽ 'തുലാ അക്കൽ നഹി തു വേദി അഹേസ്' ('Tula akkal nahi, tu vedi ahes') എന്നീ പ്രയോഗങ്ങൾ അധിക്ഷേപകരമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). നിനക്ക് വിവരമില്ല അല്ലെങ്കിൽ നിനക്ക് പ്രാന്താണ് (you have no sense, you are crazy) എന്ന് അർഥം വരുന്ന പ്രയോഗങ്ങളാണ് ഒരു വ്യക്തിയെ അപമാനിക്കുന്നതായോ അധിക്ഷേപിക്കുന്നതായോ (humiliate) കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. വീടിനകത്ത് ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് (common utterances in Marathi language).
അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്‌തതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലെങ്കിൽ ഇത് അധിക്ഷേപമായി കണക്കാക്കാനാവില്ല. അതിനാൽ, സന്ദർഭത്തെ സാധൂകരിക്കുന്ന തെളിവുകളില്ലാതെ ഭാര്യയ്‌ക്ക് ഭർത്താവിനെതിരെ കേസ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്രക്കാരിയായ യുവതി ഭർത്താവിനെതിരെ നൽകിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.
ഹാന്‍ഡ്ബുക്ക് പുറത്തിറക്കി സുപ്രീംകോടതി :കഴിഞ്ഞ മാസമാണ് ജുഡീഷ്യല്‍ നടപടികളില്‍ ലിംഗാവബോധം ഉറപ്പാക്കാന്‍ സുപ്രീംകോടതി ഹാന്‍ഡ്ബുക്ക് (Supreme Court Hand Book) പുറത്തിറക്കിയത്. ലിംഗ സംബന്ധിയായ മുന്‍വിധികള്‍, വിവേചനം പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്നിവ കോടതി രേഖകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. ജഡ്‌ജിമാര്‍ ഉത്തരവുകളിലും വിധിപ്രസ്‌താവങ്ങളിലും ഒഴിവാക്കേണ്ടുന്ന ലിംഗ വിവേചനപരമായ വാക്കുകള്‍, വാക്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ പട്ടികയാണ് കൈപ്പുസ്‌തകത്തിലുള്ളത്. സ്‌ത്രീകളെ പരാമര്‍ശിക്കാന്‍ ലിംഗനീതിക്ക് വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കല്‍, ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ക്കെതിരെ ബോധവത്കരണം എന്നിവയാണ് കൈപ്പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.