മുംബൈ : നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ പരസ്യങ്ങൾ നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. ടെലിവിഷന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജൈന ട്രസ്റ്റുകള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം ഇതിനെതിരെ വീണ്ടും ഹര്‍ജി നല്‍കാന്‍ ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് അനുവാദം നല്‍കി.
മാംസാഹാരങ്ങള്‍ സമാധാനത്തോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് അപേക്ഷകര്‍ ഹര്‍ജിയില്‍ വാദിക്കുന്നു. തങ്ങള്‍ മാംസാഹാരത്തിന് എതിരല്ലെന്നും എന്നാല്‍ സസ്യാഹാരികളുടെ വീടുകൾക്ക് സമീപം ഇത് ഭക്ഷിക്കുന്നത് ആ സമുദായത്തിന്‍റെ മൗലികാവകാശങ്ങൾക്കുമേലുള്ള അധികാരപ്രയോഗമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവര്‍ അവകാശപ്പെട്ടു.
എന്നാല്‍ പരസ്യങ്ങൾ ശല്യപ്പെടുത്തുന്നെങ്കില്‍ ടിവി ഓഫ് ചെയ്താല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാർ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീ ട്രസ്റ്റി ആത്മ കമൽ ലബ്‌ധിസുരിശ്വര്‍ജി ജെയിൻ ജ്ഞാനമന്ദിര്‍ ട്രസ്‌റ്റ്, സേത് മോതിഷ ചാരിറ്റബിൾ ട്രസ്‌റ്റ്, ശ്രീ വർധമാൻ പരിവാർ, ജ്യോതീന്ദ്ര ഷാ എന്നിവർ സംയുക്തമായാണ് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ ഹർജി സമർപ്പിച്ചത്.
റോഡുകൾ, പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപമുള്ളതും, ടെലിവിഷന്‍ ഉള്‍പ്പടെ എല്ലാത്തരം മാധ്യമങ്ങളിലൂടെയും കാണിക്കുന്നതുമായ മാംസാഹാര പരസ്യങ്ങള്‍ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.ഇത്തരം പരസ്യങ്ങള്‍ മൃഗങ്ങളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് നിയമലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു.
ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി ഈ വാദങ്ങള്‍ നിരാകരിച്ചു.