മുംബൈ : സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാഗേശ്വര്‍ ധാം പണ്ഡിറ്റ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ പരിപാടികള്‍ക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന പരിപാടികള്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന അന്ധവിശ്വാസ വിരുദ്ധ സംഘടനയും പരിപാടി നടത്തുന്നതിനെ എതിര്‍ത്തിരുന്നു.
ബോംബെ ഹൈക്കോടതിയില്‍ ഇന്നലെയാണ് വിഷയം സംബന്ധിച്ച് വാദം നടന്നത്. പരിപാടിക്ക് അനുമതി നിഷേധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതിയും മീര റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.
മുതിർന്ന അഭിഭാഷകൻ നിതിൻ സത്പുതെയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സർക്കാർ അഭിഭാഷകയായ പ്രജക്ത ഷിൻഡെയുടെ വാദം അംഗീകരിച്ച കോടതി പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് ഈ ഹർജി നൽകിയത് എന്ന് തിൻ സത്പുതെയെ കുറ്റപ്പെടുത്തി. അതേസമയം പരിപാടിയില്‍ സുരക്ഷയുള്‍പ്പടെ പൊലീസ് നിയമ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയില്‍ എത്തിയ ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി ഇന്ന് മീര ഭയന്ദറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
വിവാദങ്ങളുടെ കളിത്തോഴനായ ബാഗേശ്വര്‍ ധാം പണ്ഡിറ്റ്: വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും ദുരൂഹ ഇടപെടലുകള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുള്ള വ്യക്തിയാണ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി. വൃക്ക രോഗത്തിന് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ സമീപം ചികിത്സ തേടിയ പത്തുവയസുകാരി മരിച്ച സംഭവമാണ് അടുത്തിടെ ഏറെ ചര്‍ച്ചയായത്. ഫെബ്രുവരിയിലാണ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി ചികിത്സിച്ച പെണ്‍കുട്ടി മരിച്ചത്.
ചികിത്സയ്ക്കായി ഛത്തര്‍പൂരില്‍ എത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് വിഭൂതി പുരട്ടുകയും രോഗശാന്തി ലഭിക്കുമെന്ന് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി കുടുംബത്തെ വിശ്വസിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ വിഭൂതി പുരട്ടിയതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.