കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെയുണ്ടായ ബോംബാക്രമണം ഗൂഢാലോചനയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്‌ച രാത്രി 10 മണിയോടെ കൊല്‍ക്കത്തിയിലേക്ക് പോകാനായി മൂര്‍ഷിദാബാദ് നിംനിത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തൊഴില്‍ സഹമന്ത്രി ജാകിര്‍ ഹുസൈന് ബോംബാക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിച്ചു. സംഭവത്തില്‍ റെയില്‍വെയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാനും മമതാ ബാനര്‍ജി മറന്നില്ല. നേരത്തെ ആസൂത്രണം ചെയ്‌ത ആക്രമണമാണിതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയേയോ, വ്യക്തികളെയോ എടുത്തു പറയാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചിലര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാനായി ഹുസൈനെ സമര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബംഗാൾ ബോംബാക്രമണം ഗൂഢാലോചനയെന്ന് മമതാ ബാനര്‍ജി - മമതാ ബാനര്‍ജി വാര്‍ത്തകള്‍
ആശുപത്രിയില്‍ കഴിയുന്ന തൊഴില്‍ സഹമന്ത്രി ജാകിര്‍ ഹുസൈനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിച്ചു. നേരത്തെ ആസൂത്രണം ചെയ്‌ത ആക്രമണമാണിതെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ അന്വേഷണ ചുമതല ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ കൊല്ലാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും റെയില്‍വെയെയും കേന്ദ്രത്തെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയെ എസ്‌എസ്‌കെഎം ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. മമതാ ബാനര്‍ജിയോടൊപ്പം മുതിര്‍ന്ന തൃണമൂല്‍ നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ജാകിര്‍ ഹുസൈന്‍ അപകടനില തരണം ചെയ്‌തതായി നേരത്തെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൈയിലും കാലിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആക്രമണത്തില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.