സംഗീതലോകത്തിന് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രുതിമാധുര്യം ഇനിയില്ല. 53-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത് സംഗീതാസ്വാദകർക്കായി ബാക്കിവച്ച ഗാനങ്ങൾ അദ്ദേഹത്തെ ഒരു യുഗം ഓർത്തിരിക്കാൻ മതിയായവയാണ്. സംഗീതത്തിൽ ഔദ്യോഗിക പരിശീലനം നേടാതെയും ക്ലാസിക്കൽ സംഗീതം പഠിക്കാതെയും മികവുറ്റ ഗായകരായി മാറിയ ഏതാനും ചില അതുല്യപ്രതിഭകളില്‍ ഒരാൾ കൂടിയാണ് വിടവാങ്ങിയത്.
മെയ് 31ന് ദക്ഷിണ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അവിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ കൊൽക്കത്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബോളിവുഡിലെ മലയാളി സ്വരം :മലയാളികളായ സിഎസ് മേനോൻ, കുന്നത്ത് കനകവല്ലി എന്നിവരുടെ മകനായി 1968 ഓഗസ്റ്റ് 23ന് ഡൽഹിയിലായിരുന്നു ജനനം. ഡൽഹി മൗണ്ട് സെന്‍റ് മേരീസ് സ്‌കൂൾ, കിരോരി മാല്‍ കോളജ് എന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കിയ കെകെ 1991ൽ തന്‍റെ ബാല്യകാല സഖിയായ ജ്യോതി കൃഷ്‌ണയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നകുൽ കൃഷ്‌ണ കുന്നത്ത്, താമര കുന്നത്ത് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അദ്ദേഹം 3500ഓളം ജിംഗിളുകൾക്ക് ശബ്‌ദം നൽകിയിട്ടുണ്ട്. 1999ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി 'ജോഷ് ഓഫ് ഇന്ത്യ' എന്ന ഗാനം പാടിയതും അക്കാലത്ത് ഏറെ ശ്രദ്ധേയാകര്‍ഷിച്ചു. കെകെ എന്നറിയപ്പെട്ടിരുന്ന മറ്റൊരു ഇതിഹാസഗായകൻ കിഷോർ കുമാറിന്‍റെ കടുത്ത ആരാധകൻ കൂടിയായിരുന്നു അദ്ദേഹം.
കുട്ടിക്കാലത്ത് ടേപ്പ് റെക്കോർഡറിൽ അച്ഛൻ റെക്കോഡ് ചെയ്‌ത അമ്മയുടെ മലയാള ഗാനങ്ങൾ കേട്ടാണ് കെകെയുടെ സംഗീത യാത്ര ആരംഭിച്ചത്. പിന്നീടങ്ങോട്ടും പാട്ടുകൾ കേട്ട് പഠിക്കാൻ തുടങ്ങിയ അദ്ദേഹം അതിലൂടെ സ്വന്തം കഴിവ് വികസിപ്പിക്കുകയായിരുന്നു.
സംഗീതം അഭ്യസിക്കുന്നതിനായി ഒരു മ്യൂസിക് സ്‌കൂളിൽ പരിശീലനം നേടാൻ ആരംഭിച്ചുവെങ്കിലും വൈകാതെ തന്നെ നിര്‍ത്തിയതായി കെകെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അവിടെ തുടരാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചതുമില്ല. ഏറെ ആരാധിക്കുന്ന പാട്ടുകാരന്‍ കിഷോർ കുമാര്‍ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ, പാടാന്‍ ഔദ്യോഗികമായി അഭ്യസിക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞെന്നും കെകെ വിശദീകരിച്ചിട്ടുണ്ട്.
ഹിറ്റുകളിലൂടെ ശ്രദ്ധേയൻ : 1999ൽ 'പല്‍' എന്ന തന്‍റെ ആദ്യ ആല്‍ബത്തിലൂടെ തന്നെ കെകെ സംഗീത പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായി. കെകെയുടേ തന്നെ 'ഹംസഫർ' എന്ന രണ്ടാമത്തെ ആൽബത്തിലെ 'മസ്‌തി' എന്ന ഗാനം അദ്ദേഹത്തോടൊപ്പം മകൻ നകുൽ കൃഷ്‌ണയും ആലപിച്ചിരുന്നു. തുടർന്ന് എ.ആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്‌ത പ്രേമദേശം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് കെകെ സിനിമാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്.
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, കന്നട തുടങ്ങി വിവിധ ഭാഷകളിലായി 700ലേറെ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിലെ തഡപ് തഡപ്, ഓം ശാന്തി ഓമിലെ (2007) അജബ് സി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍, ബജ്‌രംഗി ഭായിജാനിലെ തു ജോ മില, ആഷിഖി 2ലെ പിയ ആയേ നാ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.
മിന്‍സാര കനവിലെ സ്‌ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ, എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി എന്ന ചിത്രത്തിലെ നീയേ നീയേ എന്നീ ഗാനങ്ങളിലൂടെ തമിഴ് സിനിമാരംഗത്തും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചു. പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിലെ 'രഹസ്യമായ്' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെയും മനം കവര്‍ന്നു.
READ MORE: പ്രശസ്‌ത മലയാളി ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു
അഞ്ച് തവണ ഫിലിം ഫെയർ പുരസ്‌കാരം നേടിയ അദ്ദേഹം ബോളിവുഡിൽ സജീവമായിരുന്നു. 2012ല്‍ മലയാളത്തില്‍ ഈണം സ്വരലയ സിംഗര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു ഗായകന്‍റെ മുഖം കാണുന്നതിനേക്കാൾ ആ വ്യക്തിയുടെ ശബ്‌ദം കേൾക്കുന്നതാണ് പ്രധാനമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. കെകെയുടെ ആകസ്‌മിക വിയോഗം ആരാധകർക്കിടയിലും മുഴുവൻ സംഗീതലോകത്തും വലിയ ആഘാതം സൃഷ്‌ടിച്ചിരിക്കുകയാണ്. നികത്താനാകാത്ത വിധം സിനിമാലോകത്തെ തീരാനഷ്‌ടമായി അദ്ദേഹം ആരാധകഹൃദയങ്ങളിൽ എന്നും പാട്ടോര്‍മയായുണ്ടാകും.