ബോളിവുഡ് സൗന്ദര്യത്തിന് ഇന്ന് 65 വയസ്; രേഖയുടെ അഞ്ച് പ്രശസ്‌ത ചിത്രങ്ങൾ - ഖൂൻ ഭാരി മാങ്ക്
ചലച്ചിത്ര മേഖലയിൽ വളരെ ചെറിയ കാലയളവുകൊണ്ട് തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രേഖ.
ബോളിവുഡ് സൗന്ദര്യത്തിന് ഇന്ന് 65 വയസ്; രേഖയുടെ അഞ്ച് പ്രശസ്‌ത ചിത്രങ്ങൾ
ഐതിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി രേഖ ഇന്ത്യൻ സിനിമയിലെ ഏറ്റവും ആകർഷകമായ നടികളിലൊരാളാണ്. 1969ൽ തന്‍റെ 14-ാം വയസിൽ അഞ്ജന സഫർ എന്ന ചിത്രത്തിലൂടെയാണ് രേഖ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുന്ന രേഖയുടെ കരിയറിലെ മികച്ച സിനിമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം…
- ഘർ (1978): വിനോദ് മെഹ്‌റയും രേഖയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമൊരുക്കിയത് മണിക് ചാറ്റർജിയാണ്. ബലാത്സംഗത്തിന്‍റെ അനന്തരഫലങ്ങളെ നേരിടുന്ന യുവദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ആരതി ചന്ദ്ര എന്ന കഥാപാത്രമായുള്ള രേഖയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. ചിത്രം പിന്നീട് തമിഴ്, മലയാളം എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
- ഖുബ്‌സൂറത്ത് (1980): ഹൃഷികേശ് മുഖർജിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ മഞ്ജു ദയാൽ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിച്ചത്. രേഖയുടെ രസകരമായ സംഭാഷണങ്ങൾ ചിത്രത്തിൽ വളരെ പ്രധാനമാണ്. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അശോക് കുമാർ, രാകേഷ് റോഷൻ, ശശികല എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. സോനം കപൂർ, ഫവാദ് ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2014ൽ ഖുബ്‌സൂറത്ത് റീമേക്ക് ചെയ്‌തു.
- ഉംറാവു ജാൻ (1981): മുസാഫർ അലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെ രേഖയുടെ പ്രകടനം അവരുടെ കരിയർ ബെസ്റ്റ് ആയിരുന്നു. കവയിത്രിയും നർത്തകിയുമായ ഉംറാവു ജാൻ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിച്ചത്. ഫാറൂഖ് ഷെയ്ഖ്, രാജ് ബബ്ബർ, ഷൗക്കത്ത് ആസ്‌മി, പ്രേമ നാരായ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് രേഖയ്ക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
- സിൽസില (1981): യഷ് ചോപ്ര രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ എന്നിവർക്കൊപ്പമാണ് രേഖ അഭിനയിച്ചത്. ത്രികോണ പ്രണയം പറയുന്ന ചിത്രം ബോക്‌സോഫിസിൽ പരാജയമായിരുന്നുവെങ്കിലും കൾട്ട് ക്ലാസിക് എന്ന പേര് നേടാൻ ചിത്രത്തിനായി.
- ഖൂൻ ഭാരി മാങ്ക് (1988): പ്രതികാര കഥ പറയുന്ന ചിത്രമായിരുന്നു രാകേഷ് റോഷൻ സംവിധാനം ചെയ്‌ത ഖൂൻ ഭാരി മാങ്ക്. രേഖ, കബീർ ബേദി, ശത്രുഘ്‌നൻ സിൻഹ, രാകേഷ് റോഷൻ, സോനു വാലിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം വാണിജ്യപരമായി വിജയിക്കുകയും രേഖയുടെ കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിക്കുകയും ചെയ്‌തു.