ഹൈദരാബാദ്: ആക്‌ഷൻ റെമാന്‍റിക് ഹീറോ ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ 49 ന്‍റെ നിറവിൽ. രണ്ട് ദശാബ്‌ദത്തിലേറെയായി സിനിമ മേഖലയിൽ നിറഞ്ഞു നില്‌ക്കുന്ന താരം ബോളിവുഡ് പ്രേക്ഷകർക്ക് ഇപ്പോഴും യുവതാരനിരയിൽ നിന്നും ഒട്ടും താഴെയല്ല. സംവിധായകനും നിർമാതാവുമായ രാകേഷ് റോഷന്‍റെ മകൻ എന്നതിലുപരി അഭിനയ ജീവിതത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുൻ നിര നായകൻ കൂടിയാണ് ഹൃത്വിക്.
ജീവിതം മാറ്റിമറിച്ച ചിത്രം 'കഹോ ന പ്യാര്‍ ഹേ': 2000 ത്തിൽ രാകേഷ് റോഷൻ എഴുതി സംവിധാനം ചെയ്‌ത 'കഹോ ന പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് സിനിമ രംഗത്ത് തുടക്കം കുറിച്ചത്. ആദ്യ സിനിമ തന്നെ ബ്ലോക്ബസ്‌റ്റർ ഹിറ്റായതോടെ പിന്നീട് ഒരു തിരിഞ്ഞു നോട്ടമില്ലാത്ത യാത്രയായിരുന്നു. എന്നാൽ താൻ സിനിമയിലേയ്‌ക്ക് വരുന്നതിനോട് അച്ഛൻ രാകേഷിന് ഒട്ടും താല്‌പര്യമില്ലായിരുന്നുവെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അച്ഛൻ ആഗ്രഹിക്കാത്ത നായകൻ: മറ്റു സംവിധായകരുടെ സ്‌ക്രീനിങ് ടെസ്‌റ്റുകളിൽ അവസരത്തിനായി കാത്തുനിന്ന താരം 'കഹോ ന പ്യാര്‍ ഹേ' യിലെത്തിയത് അവിചാരിതമായായിരുന്നു. രാകേഷ് ചിത്രത്തിനായി ഷാരൂഖ് ഖാനെയോ ആമിർ ഖാനെയോ നായകനാക്കാനിരിക്കെ പുതുമുഖം ആവശ്യമാണെന്ന സിനിമ പ്രവർത്തകരുടെ അഭിപ്രായമാണ് ഹൃത്വിക് റോഷൻ എന്ന നായകന്‍റെ സിനിമ ജീവിതത്തിന് വഴിത്തിരിവായത്. എന്നാൽ എന്തുകൊണ്ടാണ് താൻ ഒരു നടനാകാൻ പിതാവ് ആഗ്രഹിക്കാത്തത് എന്ന ചോദ്യത്തിന്, തന്‍റെ കരിയറിൽ താൻ നേരിട്ട പ്രയാസങ്ങളിലൂടെയും അനിശ്ചിതത്വത്തിലൂടെയും മകൻ കടന്നുപോകാൻ സീനിയർ റോഷൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ഹൃത്വിക് പറഞ്ഞിരുന്നു.
പ്രയാസങ്ങൾ നിറഞ്ഞ ജീവിത സാഹചാര്യങ്ങളിലൂടെയാണ് വളർന്നുവന്നതെങ്കിലും തന്‍റെ കഴിവുകൾ ലോകത്തെ കാണിക്കണമെന്ന ഉറച്ച ആത്മവിശ്വാസവും ആഗ്രഹവും എന്നും കൂടെ കൊണ്ടു നടന്നിരുന്നുവെന്ന് താരം പറഞ്ഞു. കുട്ടിക്കാലത്ത് സംസാരിക്കാൻ തടസം നേരിട്ട ഹൃത്വിക് പിന്നീട് പ്രത്യേക കഴിവുകളുള്ള കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപിക്കുകയായിരുന്നു.
നൃത്ത ചുവടുകൾ പിന്തുടർന്ന് ആരാധകർ: അഭിനയത്തിനൊപ്പം നൃത്ത വൈദഗ്‌ദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരത്തിന്‍റെ ചുവടുകൾ സിനിമ പ്രേമികൾക്കും നൃത്ത ആസ്വാദകർക്കും ഒരുപോലെ കൗതുകവും പ്രിയവുമായിരുന്നു. കഴിവിനേക്കാൾ കഠിനാധ്വാനമായിരുന്നു ഡാൻസിങ് ഹീറോ എന്ന നിലയിൽ അവസരങ്ങൾ തുറന്നുതന്നതെന്ന് പറയുമ്പോഴും അദ്ദേഹത്തിന്‍റെ സ്‌റ്റൈൽ അനുകരിക്കുയും പിന്തുടരുകയും ചെയ്‌ത ആരാധകർക്ക് അത് അവിശ്വസനീയമായിരുന്നു. ഗാനത്തിനൊപ്പം സ്വന്തം താല്‌പര്യത്തിനൊത്ത് താരം ചുവടുകൾ കണ്ടെത്തുമ്പോൾ നൃത്ത സംവിധായകർ പോലും അമ്പരപ്പോടെ നോക്കി നിന്നിട്ടുണ്ട്.
പ്രധാന സിനിമകൾ: 'കൃഷ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം കാബിൽ, സൂപ്പർ 30, ധൂം, വിക്രം വേദ, കബി കുഷി കബി ഗം, വാർ, കൊയി മിൽഗയ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനാവുകയും അവിസ്‌മരണീയമായ അഭിനയം കാഴ്‌ച വെക്കുകയും ചെയ്‌തിരുന്നു. അടുത്തിടെ പെൺ സുഹൃത്തും നടിയും ഗായികയുമായ സബ ആസാദിനോപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ഇരുവരും പോതു വേദികളിൽ ഒന്നിച്ചെത്തിയത്.
ഫൈറ്റർ വിശേഷങ്ങൾ: അതിനിടെ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന തന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഫൈറ്റർ' നെ കുറിച്ചുള്ള ചർച്ചയിൽ ഈ സിനിമയിലെ അവസരം തന്നെ വലിയ ഭാഗ്യമെന്ന നിലയിൽ താരം പ്രതികരിച്ചു. 2024 ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഏരിയൽ ആക്ഷൻ ചിത്രമാണ് ഫൈറ്റർ. സിനിമ പ്രേക്ഷകരിടേയും നൃത്ത ആസ്വാദകരുടേയും മനസിലെ പ്രിയ നായകന് ജന്മദിനാശംസകൾ.