ചെന്നൈ :വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ടേബിള്‍ ടെന്നിസ് താരം വിശ്വ ദീനദയാലിന്‍റെ ഭൗതിക ശരീരം ചെന്നൈയില്‍ എത്തിച്ചു. 83ാം സീനിയര്‍ ഇന്‍റര്‍സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് പോകവെയായിരുന്നു അപകടം. വിശ്വ ദീനദയാലും മറ്റ് മൂന്ന് ടീമംഗങ്ങളും സഞ്ചരിച്ച കാറിനെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.
കാറിന്‍റെ ഡ്രൈവറും വിശ്വ ദീനദയാലും അപകടത്തില്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് ടേബിള്‍ ടെന്നിസ് താരങ്ങളായ രമേശ് സന്തോഷ് കുമാര്‍, അഭിനാഷ് പ്രസന്നജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ അപകട നില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ടേബിള്‍ ടെന്നിസില്‍ നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ച വിശ്വ ദീനദയാല്‍ ഏപ്രില്‍ 27ന് (27.04.2022) ഓസ്ട്രേലിയയിലെ ലിന്‍സില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നിസ് യൂത്ത്ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കുകയായിരുന്നു. വിശ്വ ദീനദയാലിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ അനുശോചിച്ചു.
മരണത്തില്‍ തമിഴ്‌നാട് അസംബ്ലി അനുശോന പ്രമേയം പാസാക്കി. ഈ വര്‍ഷം ജനുവരിയില്‍ ഡെറാഡൂണില്‍ നടന്ന ദേശീയ നാഷണല്‍ റാങ്കിങ് ടൂര്‍ണമെന്‍റില്‍ അണ്ടര്‍ 19 ടൈറ്റില്‍ വിശ്വദീനദയാലിനായിരുന്നു. ചൈന്നൈയിലെ ലയോള കോളജ് വിദ്യാര്‍ഥിയായ വിശ്വം ദീനദയാല്‍ അണ്ണാനഗര്‍ സ്വദേശിയാണ്.