ബെംഗളൂരു:കര്‍ണാടകയില്‍ ആറ് ലക്ഷം രൂപയുടെ സ്വര്‍ണാഭരണവും ബൈക്കുകളും മോഷ്‌ടിച്ച കേസില്‍ ബോഡി ബില്‍ഡറും കൂട്ടാളിയും അറസ്റ്റില്‍. മിസ്റ്റര്‍ ആന്ധ്രയായ സയ്യിദ് ബാഷയും കൂട്ടാളിയായ ഷെയ്‌ഖ് അയ്യൂബുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലുണ്ടായ 32 കവര്‍ച്ച കേസുകളില്‍ ഇരുവരും പ്രതിയാണെന്ന് പൊലീസ്. ചൊവ്വാഴ്‌ചയാണ് ഗിരിനഗര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
2005 മുതല്‍ കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സയ്യിദ് ബാഷ കൊവിഡിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരികെയെത്തിയത്. നാട്ടിലെത്തിയ ഇയാള്‍ ബോഡി ബില്‍ഡിങ്ങില്‍ താത്‌പര്യം പ്രകടിപ്പിക്കുകയും മത്സരങ്ങളില്‍ പങ്കെടുത്ത് മിസ്റ്റര്‍ ആന്ധ്ര പട്ടം നേടുകയും ചെയ്‌തു. നാട്ടിലെത്തിയതോടെ കൂടുതല്‍ പണം സമ്പാദിക്കാനായി കൂട്ടാളിക്കൊപ്പം ചേര്‍ന്ന് ഇയാള്‍ മോഷണം നടത്തി വരികയായിരുന്നു.
നേരത്തെ മോഷണ കേസില്‍ ആന്ധ്രയില്‍ അറസ്റ്റിലായ ഇയാള്‍ ജയില്‍ വാസം അനുഭവിച്ചിരുന്നു. അതിനിടെ സഹതടവുകാരനായ ഒരാളാണ് ബെംഗളൂരുവില്‍ കൂടുതല്‍ മോഷണം നടത്താന്‍ കഴിയുമെന്നും വേഗത്തില്‍ പിടിക്കപ്പെടില്ലെന്നും പറഞ്ഞത്. ഇതോടെ ജാമ്യത്തിലിറങ്ങിയ സയ്യിദ് ബാഷ കൂട്ടാളിക്കൊപ്പം ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ഇരുവരും മോഷണം ആരംഭിച്ചു.
വിവിധയിടങ്ങളിലുണ്ടായ മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയം: ബെംഗളൂരുവിലെ ഗിരിനഗര്‍, സുബ്രഹ്മണ്യനഗര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലുണ്ടായ മോഷണങ്ങളിലെല്ലാം സയ്യിദ് ബാഷയ്‌ക്കും കൂട്ടാളി ഷെയ്‌ഖ് അയ്യൂബിനും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ്. ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ബൈക്ക് മോഷണവും റോഡിലൂടെ നടന്ന് പോകുന്ന സ്‌ത്രീകളുടെ സ്വര്‍ണാഭരണ കവര്‍ച്ചയും അധികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിലുണ്ടായ മോഷണങ്ങളില്‍ ഇരുവര്‍ക്കും പങ്കുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.
മൊബൈല്‍ ഫോണില്ലാത്ത കള്ളന്മാര്‍: മൊബൈല്‍ ഫോണിന്‍റെ ഉപയോഗം തങ്ങളെ പൊലീസിന്‍റെ വലയില്‍ കുരുക്കിയേക്കാമെന്ന ഭയത്താല്‍ പ്രതികള്‍ ഇരുവരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ്. മോഷണ കേസില്‍ വേഗത്തില്‍ പിടിവീഴാന്‍ മൊബൈല്‍ ഫോണ്‍ സഹായകമാകുമെന്ന തിരിച്ചറിവാണ് ഇരുവരെയും അത് ഉപയോഗിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അറിയിച്ചു.