ഗുവാഹത്തി : അസമിലെ കാംരൂപ ജില്ലയിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ഒറ്റപ്പെട്ട സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ബലാത്സംഗത്തിനിരകളായതിനെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്ന ശേഷം മാത്രമേ എന്തെങ്കിലും നിഗമനത്തിലെത്താൻ കഴിയൂവെന്നും കാംരൂപ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ചന്ദ്ര റോയ് പറഞ്ഞു. അന്വേഷണത്തിൽ രണ്ട് പെൺകുട്ടികളും ബന്ധുക്കളാണെന്ന് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
കൂട്ടബലാത്സംഗം, പരാതി നൽകിയിട്ടും കേസെടുത്തില്ല, പെൺകുട്ടി ആത്മഹത്യ ചെയ്‌തു : ജൂലൈ അവസാനം, യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ കൗമാരക്കാരി ആത്മഹത്യ ചെയ്‌തിരുന്നു. അസംഗഡിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന് ജൂലെ 29ന് രാത്രി അസംഗഡ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകാനെത്തി. എന്നാൽ പൊലീസ് പരാതി സ്വീകരിക്കാതെ ഇവരെ തിരികെ അയച്ചു. ഇതോടെ നീതി ലഭിക്കാത്തതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജൂലൈ 30ന് പുലർച്ചെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. രാവിലെ കുട്ടിയുടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി.
ജൂലൈ 29 ന് രാത്രി 10.30നാണ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി എത്തിയത്. ഹെഡ് കോൺസ്റ്റബിൾ മൊഹാരിർ രാഹുൽ കുമാറിന് വിഷയത്തിൽ പരാതി നൽകി. എന്നാൽ, കുട്ടിയുടെ ബന്ധുക്കളോട് രാവിലെ വരാൻ ആവശ്യപ്പെട്ടു. തുടർന്ന് നീതി ലഭിക്കില്ലെന്ന നിരാശയിൽ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സഹോദരൻ അറിയിച്ചു.
Read more :പൊലീസ് നടപടിയെടുത്തില്ല; കൂട്ടബലാത്സംഗത്തിനിരയായ കൗമാരക്കാരി ജീവനൊടുക്കി, കോൺസ്റ്റബിൾ സസ്‌പെൻഷനിൽ
സംഭവത്തില്‍ എസ്എച്ച്ഒ മൊഹാരിർ രാഹുൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുക്കുകയും ചെയ്‌തു. പിന്നാലെയാണ് ആദർശ് നിഷാദ്, നാഗേന്ദ്ര നിഷാദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കോൺസ്റ്റബിളിന് സസ്‌പെൻഷന്‍ : സംഭവത്തിൽ കപ്‌തൻഗഞ്ച് സ്റ്റേഷൻ മേധാവി അന്വേഷിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ വാക്കാൽ മൊഹാരിർ രാഹുലിനെ വിവരം അറിയിച്ചിരുന്നുവെന്ന് എസ്‌പി അനുരാഗ് ആര്യ അറിയിച്ചു. എന്നാൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഔട്ട്‌പോസ്റ്റ് ഇൻചാർജിനെയും സ്റ്റേഷൻ ഇൻചാർജിനെയും കോൺസ്റ്റബിൾ വിവരം അറിയിച്ചില്ല. മാത്രമല്ല, രേഖാമൂലം പരാതി നൽകാന്‍ ആവശ്യപ്പെട്ടില്ലെന്നും കണ്ടെത്തി. ഇതോടെയാണ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തത്.