ന്യൂഡല്‍ഹി:കൊളോണിയല്‍ കാലത്തെ ഇന്ത്യന്‍ ശിക്ഷ നിയമത്തിന് പകരമായുള്ള ഭാരതീയ ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് മുന്‍ നിയമ മന്ത്രി കപില്‍ സിബല്‍. ഐപിസിക്ക് പകരമായി കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച ഭാരതീയ ന്യായ സന്‍ഹിത ബില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായുള്ള ക്രൂരമായ പൊലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണെന്നറിയിച്ചായിരുന്നു കപില്‍ സിബല്‍ വിമര്‍ശിച്ചത്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ എതിരാളികളെ നിശബ്‌ദരാക്കുക എന്ന സര്‍ക്കാരിന്‍റെ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതീയ ന്യായ സന്‍ഹിത രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇത് 15 ദിവസത്തില്‍ നിന്നും 60 അല്ലെങ്കില്‍ 90 ദിവസം വരെ പൊലീസ് കസ്‌റ്റഡി അനുവദിക്കും. വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പുതിയ കുറ്റകൃത്യങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കും. ഇതിന്‍റെ അജണ്ട എതിരാളികളെ നിശബ്‌ദരാക്കുക എന്നതാണെന്ന് രാജ്യസഭ എംപി കൂടിയായ കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ക്രിമിനല്‍ നിയമങ്ങള്‍ പുനഃപരിശോധിച്ചുകൊണ്ട് ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌റ്റ് എന്നിവയ്‌ക്ക് പകരമായി മൂന്ന് ബില്ലുകള്‍ കേന്ദ്രം വെള്ളിയാഴ്‌ചയാണ് (11.08.2023) ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരം ഭാരതീയ ന്യായ സന്‍ഹിത (Bharatiya Nyaya Sanhita), ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക സുരക്ഷ സന്‍ഹിത (Bharatiya Nagarik Suraksha Sanhita), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ ബില്‍ (Bharatiya Sakshya Bill) എന്നിവ നിലവില്‍ വരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ബില്ലുകള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.