ഛണ്ഡീഗഢ്: ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയ്‌ക്കൊപ്പം നിര്‍ബന്ധിത രക്തദാനവും, ആശുപത്രി സേവനവും ശിക്ഷയായി നല്‍കാന്‍ പഞ്ചാബ് പൊലീസ്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചും, അമിതവേഗതയിലും വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെയാണ് നടപടി. പൊലീസ് പുറത്തിറക്കിയ പുതിയ ഗതാഗത നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ട്രാഫിക് നിയമം ലംഘിച്ചാല്‍ പഞ്ചാബില്‍ 'രക്തദാനവും സേവനവും' ശിക്ഷ - പഞ്ചാബ് ട്രാഫിക് നിയമലംഘന ശിക്ഷ
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പിടിയിലാവുന്നവര്‍ക്കാണ് പുതിയ ശിക്ഷ സംവിധാനം. മറ്റു ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും പിഴ ഇരട്ടിയിലേറെയാക്കിയിട്ടുണ്ട്
അമിത വേഗതയില്‍ വാഹനം ഓടിച്ച് വേഗപരിധി ലംഘിച്ചാല്‍ ആദ്യ തവണ 1,000 രൂപ പിഴയും ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ 5,000 രൂപ പിഴയും ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കി വര്‍ധിപ്പിക്കും.
ഇത് കൂടാതെയാണ് ആശുപത്രി സേവനവും, രക്തദാനവും ഏര്‍പ്പെടുത്തിയത്. നിയമലംഘനത്തിന് പിടിക്കപ്പെടുന്നവര്‍ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഒരു റിഫ്രഷർ കോഴ്‌സ് ഏറ്റെടുക്കുകയും ഓരോ കുറ്റകൃത്യത്തിനും അടുത്തുള്ള സ്‌കൂളിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 20 വിദ്യാർഥികളെയെങ്കിലും പഠിപ്പിക്കുകയും വേണം. തുടര്‍ന്ന് നോഡല്‍ ഓഫിസര്‍മാര്‍ ഇവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പിഴ അടയ്‌ക്കുന്ന സമയത്ത് അധികാരികൾ പരിശോധിക്കും.