ചെന്നൈ :വര്‍ഷങ്ങളായുണ്ടാക്കിയ സമ്പാദ്യം അസാധുവായിപ്പോയതിന്‍റെ ദുഃഖമൊഴിഞ്ഞ ആശ്വാസത്തിലാണ് ചിന്നക്കണ്ണിപ്പോള്‍. നോട്ടുനിരോധനത്തെ തുടര്‍ന്ന് കടലാസിന്‍റെ വിലപോലുമില്ലാതായ 65,000 ത്തിന് പകരം പണം കിട്ടിയതോടെയാണ് കാഴ്‌ചയില്ലാത്ത 65 കാരന്‍റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞത്. ചിന്നക്കണ്ണിന്‍റെ പ്രയാസം മാധ്യമങ്ങളിലൂടെയറിഞ്ഞ്, നഷ്‌ടമായ മുഴുവന്‍ തുകയും ചെന്നൈ ത്യാഗരായ നഗർ സ്വദേശി പട്ടാഭിരാമന്‍(70) നല്‍കുകയായിരുന്നു.
ചിന്നക്കണ്ണിന് അടുത്തമാസം മുതൽ വാർധക്യപെൻഷൻ
2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച വിവരം ചിന്നക്കണ്ണ് അറിഞ്ഞിരുന്നില്ല. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരൈക്ക് സമീപമുള്ള ചിന്നഗൗണ്ടന്നൂർ സ്വദേശിയായ ഇദ്ദേഹം ഒക്‌ടോബർ 18 നാണ് തന്‍റെ സങ്കടം പറയാന്‍ കലക്‌ടറേറ്റിലെത്തിയത്. ചിന്നഗൗണ്ടന്നൂർ സ്വദേശിയായ കടക്കാരനാണ് ഇയാളെ ഇവിടെയെത്തിച്ചത്. എന്നാല്‍ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ വിവരമറിഞ്ഞ് പട്ടാഭിരാമന്‍ കലക്‌ടറേറ്റില്‍ എത്തി 65,000 രൂപ ജില്ല ഭരണകൂടത്തിന്‍റെ അക്കൗണ്ടിലിട്ടു.